thrissur local

പിഡബ്ല്യുഡിക്ക് പണമടച്ചു; മാള വലിയപറമ്പ് റോഡ് പണി തുടങ്ങി

മാള: ജലനിധി പദ്ധതിക്കായി പൊളിച്ച മാള വലിയപറമ്പ് റോഡ് പണി തുടങ്ങി. ഒന്നര വര്‍ഷത്തിനുമുമ്പായി ജലനിധിക്കായി പൈപ്പിടുന്നതിന് പൊളിച്ച റോഡ് ശരിയാക്കാത്തതിനാല്‍ വളരെയേറെ ബുദ്ധിമുട്ടാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. റോഡിന്റെ ഇരുവശവും പൈപ്പിടുന്നതിനായി പൊളിച്ചതിനാല്‍ വാഹനസഞ്ചാരത്തിന് ഏറെ ബുദ്ധിമുട്ടായിരുന്നു.
ഗ്രാമപ്പഞ്ചായത്ത് പിഡബ്ല്യുഡിക്ക് പണമടക്കാതിരുന്നതാണ് പണി വൈകാന്‍ പ്രധാന കാരണം. മാള ഗ്രാമപ്പഞ്ചായത്തിലെ എല്ലാ റോഡുകളുടേയും പണികള്‍ക്കായി 70 ലക്ഷത്തോളം രൂപയാണ് ഗ്രാമപ്പഞ്ചായത്ത് അടക്കേണ്ടിയിരുന്നത്. ഇതില്‍ ഭൂരിഭാഗം സംഖ്യയും അടച്ചതിനാലാണിപ്പോള്‍ പണികള്‍ പുരോഗമിക്കുന്നത്.
റോഡ് പണി നടക്കുന്നതിനിടയിലും ജലനിധിക്കായി പൈപ്പിടലും നടക്കുന്നുണ്ട്. പൈപ്പിടുന്നതിനായി റോഡ് പൊളിച്ചയിടത്ത് മൂന്നിഞ്ച് മെറ്റല്‍ വിരിക്കുന്ന പണിയാണിപ്പോള്‍ നടക്കുന്നത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ശരാശരി ഒന്നരയടി താഴ്തിയാണ് മെറ്റല്‍ വിരിക്കുന്നത്. ഇതിനുശേഷം ടാറിങ് നടത്തും.
പൊട്ടിപ്പൊളിഞ്ഞ മറ്റു ഭാഗങ്ങളിലും ടാറിങ് നടത്തുന്നുണ്ട്. അതോടെ വരുന്ന മഴക്കാലത്ത് അനുഭവപ്പെടാനിടയുള്ള ദുരിതത്തിന്റെ വ്യാപ്തി ഏറെ കുറക്കാനാവും.
ബി എം ബി സി ടാറിങ് നടത്താന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും അതിതുവരെ പ്രാവര്‍ത്തികമായിട്ടില്ല. മാള മുതല്‍ വലിയപറമ്പ് വരെയുള്ള മുന്നു കിലോമീറ്ററോളം റോഡാണിപ്പോള്‍ പണിയുന്നത്.
Next Story

RELATED STORIES

Share it