Thejas Special

പാനായിക്കുളം കേസ്; കോടതി വിധി പോലിസിന് അമിതാധികാരം നല്‍കുന്നത്: മനുഷ്യാവകാശ സംഘടനകള്‍

കൊച്ചി: പാനായിക്കുളം കേസിലെ കോടതിവിധി പോലിസിന് അമിതാധികാരം നല്‍കുന്നതെന്നു മനുഷ്യാവകാശ സംഘടനകളായ മൈനോറിറ്റി റൈറ്റ്‌സ് വാച്ച്, ദേശീയ മനുഷ്യാവകാശ ഏകോപനസമിതി കേരള ഘടകം, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, പോരാട്ടം, രാഷ്ട്രീയ സൈനീക അടിച്ചമര്‍ത്തലിനെതിരായ ജനകീയപ്രതിരോധം, കേരള ദലിത് മഹാസഭ എന്നീ സംഘടനകള്‍ സംയുക്തമായി പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
സംഘടിപ്പിക്കുന്നതിനും യോഗങ്ങള്‍ ചേരുന്നതിനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനും ആശയപ്രചാരണത്തിനുമുള്ള പൗരസമൂഹത്തിന്റെ മൗലികാവകാശങ്ങളെ അന്യായമായി നിയന്ത്രിക്കുന്നതിനുള്ള അനുമതി പോലിസിനു നല്‍കുന്നതാണ് ഈ കോടതിവിധി. പരസ്യമായി പ്രചാരണം സംഘടിപ്പിച്ചും ഓഡിറ്റോറിയം ബുക്ക് ചെയ്തും സംഘടിപ്പിച്ച യോഗത്തെ രഹസ്യയോഗമായി വ്യാഖ്യാനിച്ചാണ് കോടതി ഷാദുലി, അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ്‌വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവരെ ശിക്ഷിച്ചത്. രാജ്യദ്രോഹം, നിയമവിരുദ്ധ സംഘടനയില്‍ അംഗമായിരിക്കല്‍ എന്നിവയെ സംബന്ധിച്ച് സുപ്രിംകോടതി വിവിധ വിധിന്യായങ്ങളിലൂടെ നടത്തിയിട്ടുള്ള നിയമ വ്യാഖ്യാനങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കാതെയാണ് കോടതി പാനായിക്കുളം കേസില്‍ വിധി പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഇവര്‍ ആരോപിച്ചു.
നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍തന്നെ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംസ്ഥാനമാണ് കേരളം. യോഗങ്ങള്‍ ചേര്‍ന്നതിന്റെ പേരിലും ആശയപ്രചാരണത്തിന്റെ പേരിലും നോട്ടീസുകളും ലഘുലേഖകളും കൈവശം വച്ചതിന്റെ പേരിലും മറ്റുമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം രാജ്യദ്രോഹ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് എന്ന വസ്തുതകൂടി കണക്കിലെടുക്കുമ്പോള്‍ കേരളം ജനാധിപത്യാവകാശങ്ങളുടെ കശാപ്പുശാലയായി മാറുകയാണ് എന്നാണ് മനസ്സിലാവുന്നത്. അപകടകരമായ ഈ പ്രവണതയ്ക്ക് ആക്കം നല്‍കുന്നതാണ് പാനായിക്കുളം കേസിലെ കീഴ്‌കോടതി വിധി.
ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമായ ഈ വിധി അപ്പീല്‍ കോടതി തിരുത്തുമെന്നു പ്രത്യാശിക്കുന്നതായും അഡ്വ. എം കെ ഹരികുമാര്‍ (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്), സി എസ് മുരളി (കേരള ദലിത് മഹാസഭ), കെ കെ മണി (സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്), എം എന്‍ രാവുണ്ണി (പോരാട്ടം), റെനി ഐലിന്‍ (ദേശീയ മനുഷ്യാവകാശ ഏകോപന സമിതി കേരള ഘടകം), സാദിഖ് ഉളിയില്‍, സി എ അജിതന്‍ (രാഷ്ട്രീയ സൈനിക അടിച്ചമര്‍ത്തലിനെതിരെ ജനകീയ പ്രതിരോധം), അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം) എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it