Editorial

പരിസ്ഥിതി മലിനമാക്കുന്ന പ്രചാരണമരുത്

മതവും ജാതിയും രാഷ്ട്രീയ സങ്കുചിതത്വവും പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതുവില്‍ തിരഞ്ഞെടുപ്പുകള്‍ പൊതുമനസ്സിനെ മലിനീകരിക്കുന്നു എന്നതില്‍ സംശയമില്ല. പക്ഷേ, അതിനേക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സ്ഥാനാര്‍ഥികള്‍ പ്രചാരവേലയ്ക്ക് ഉപയോഗിക്കുന്ന ഫഌക്‌സ് ബോര്‍ഡുകള്‍. അച്ചടി സാങ്കേതികവിദ്യയിലുണ്ടായ വന്‍ വിസ്‌ഫോടനം കാരണം പൊതുവില്‍ പരിസ്ഥിതിസൗഹൃദമുള്ള പ്രചാരണസാമഗ്രികളുടെ യുഗം അവസാനിച്ചിരിക്കുകയാണ്. എളുപ്പം തയ്യാറാക്കാവുന്ന ഫഌക്‌സ് ബോര്‍ഡുകളാണ് പകരം തലയുയര്‍ത്തിനില്‍ക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും തങ്ങളുടെ മുഖവും വാഗ്ദാനങ്ങളും പ്രദര്‍ശിപ്പിക്കാന്‍ വിനൈല്‍ ഫഌക്‌സ് പോലെ ഉപകരിക്കുന്ന മറ്റൊരു മാധ്യമമില്ല. വാശി കൂടുന്നതിനനുസരിച്ച് ബോര്‍ഡുകളുടെ എണ്ണവും വര്‍ധിക്കുന്നു.
പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും വലിയ പരിക്കേല്‍പിക്കുന്നതാണ് ഫ്‌ളക്‌സ് ബോര്‍ഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ എന്നു വിദഗ്ധര്‍ പറയുന്നു. പോളി വിനൈല്‍ ക്ലോറൈഡാണ് അതിലൊന്ന്. ദീര്‍ഘകാലം കേടുകൂടാതെ മണ്ണില്‍ കിടക്കുന്ന പിവിസി ചെറുതരികളായി മാറുന്നു. അതുതന്നെ ഫഌക്‌സാക്കി മാറാന്‍ മറ്റു ഘനലോഹങ്ങളും ഉപയോഗിക്കേണ്ടിവരുന്നു. വര്‍ണം പകരാനും പെട്ടെന്നു തീപിടിക്കാതിരിക്കാനും ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍ വേറെ. ഫഌക്‌സ് ഷീറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസയൗഗികമാണ് ലോകത്ത് ഏറ്റവുമധികം പരിസ്ഥിതി മലിനീകരണത്തിനു വഴിവയ്ക്കുന്നത്.
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ശാസ്ത്രീയമായി നശിപ്പിക്കുക ബുദ്ധിമുട്ടാണ്. കത്തിക്കുമ്പോള്‍ അവ പുറത്തുവിടുന്ന വാതകങ്ങള്‍ കൂടുതല്‍ മാരകമാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന പലതും അര്‍ബുദത്തിനു വഴിവയ്ക്കുന്നു.
പ്രചാരണത്തിനു ഫഌക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ ഉപദേശിച്ചിട്ടുണ്ട്. ചിലയിടത്ത് പോലിസ് ഗതാഗതം തടസ്സപ്പെടുന്ന രീതിയില്‍ അവ സ്ഥാപിക്കരുതെന്നും പറയുന്നു. എന്നാല്‍, പ്രചാരണത്തിന്റെ ഊഷ്മാവ് കൂടുമ്പോള്‍ പാര്‍ട്ടികള്‍ അതൊക്കെ അവഗണിക്കാനാണ് സാധ്യത. കൂടുതല്‍ കര്‍ശനമായ വിലക്കുകളായിരുന്നു വേണ്ടിയിരുന്നത്.
ചൈനയില്‍ നിന്ന് ഫഌക്‌സ് ഷീറ്റ് ഇറക്കുമതി ചെയ്യുന്നവരും ബോര്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റു വിഭാഗങ്ങളും സമ്മര്‍ദ്ദം ചെലുത്തിയതുകൊണ്ടാണ് യുഡിഎഫ് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഫ്‌ളക്‌സ് നിരോധനം രായ്ക്കുരാമാനം പിന്‍വലിച്ചത്. 2010ല്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ഉപയോഗിക്കുന്നത് വിലക്കിയപ്പോള്‍ കേരള ഹൈക്കോടതി ആ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സ്വയംനിയന്ത്രണത്തിനാണ് പാര്‍ട്ടികള്‍ മുന്നോട്ടുവരേണ്ടത്. മുമ്പ് അത്തരം തീരുമാനമെടുത്ത സംഘടനകളും പാര്‍ട്ടികളും എന്തുകൊണ്ടോ അതില്‍ ഉറച്ചുനിന്നില്ല. എന്തു ചെയ്യാം, തിരഞ്ഞെടുപ്പുകള്‍ പോലെ പ്രധാനമാണ് പരിസ്ഥിതിയും.
Next Story

RELATED STORIES

Share it