പരിസ്ഥിതി ദിനത്തിന്റെ പ്രസക്തി

പിണറായി വിജയന്‍

ആധുനിക കാലഘട്ടത്തില്‍ ഗൗരവ ചര്‍ച്ച ആവശ്യപ്പെടുന്ന വിഷയമാണ് പരിസ്ഥിതി. വികസനവുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും പരിസ്ഥിതി ചര്‍ച്ചയാവുന്നത്. നാടിന്റെ വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോവണം എന്നതാണ് സര്‍ക്കാര്‍ നിലപാട്.
മനുഷ്യസമൂഹത്തിന്റെ ജീവിതരീതികളില്‍ വലിയ മാറ്റമുണ്ടായത് വ്യവസായവിപ്ലവത്തിനു ശേഷമായിരുന്നു. അതോടെ വ്യാപാര-വ്യവസായിക തലങ്ങളില്‍ വന്ന മാറ്റങ്ങള്‍ പരിസ്ഥിതിയെ ബാധിച്ചു എന്നതില്‍ സംശയമില്ല. ''പരിസ്ഥിതി എന്നാല്‍ ഞാന്‍ ഒഴികെ എന്തും'' എന്നാണ് സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പറഞ്ഞത്. പ്രകൃതിയുടെ ഭംഗി അതിന്റെ വൈരുധ്യാത്മകതയാണെന്നു പറഞ്ഞത് കാറല്‍ മാര്‍ക്‌സാണ്.
പരിസ്ഥിതിദിനത്തെ ഓര്‍ക്കുമ്പോള്‍ അതിന്റെ പശ്ചാത്തലം കൂടി പരിശോധിക്കേണ്ടതുണ്ട്. 1972 ജൂണ്‍ 5ന് ലോക രാഷ്ട്രത്തലവന്‍മാര്‍ സ്റ്റോക്ക്‌ഹോമില്‍ ഒത്തുചേര്‍ന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ചര്‍ച്ചയ്‌ക്കൊപ്പം ഒരു നിയമാവലികൂടി അവര്‍ ഉണ്ടാക്കി. ഇതിന്റെ വാര്‍ഷിക ദിനാചരണമാണ് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയെ ബാധിക്കുന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ദിനം ആചരിക്കുന്നത്. '700 കോടി സ്വപ്നങ്ങള്‍, ഒരേയൊരു ഭൂമി, ഉപയോഗം കരുതലോടെ' എന്ന വിഷയത്തിലായിരുന്നു 2015ലെ പരിസ്ഥിതി ദിനാചരണം. വന്യജീവികളുടെ നിയമവിരുദ്ധമായ വ്യാപാരവ്യവസ്ഥയ്ക്ക് എതിരായ പോരാട്ടം എന്നതാണ് 2016ലെ മുദ്രാവാക്യം.
കൃഷി അടിസ്ഥാനമാക്കിയായിരുന്നു കേരളത്തിന്റെ വികസനം പണ്ട് വിഭാവനം ചെയ്തത്. ആളോഹരി കൃഷിഭൂമി 0.08 ഹെക്റ്ററാണ്. ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ ശരാശരി 110 പേര്‍ വസിക്കുന്നു എന്ന് പൊതുവില്‍ കണക്കാക്കാം. അങ്ങനെ വരുമ്പോള്‍ ഒരു യൂനിറ്റ് പ്രദേശം ഉള്‍ക്കൊള്ളുന്നത് വിഭാവനം ചെയ്തതിനേക്കാള്‍ 3.6 ഇരട്ടി ആളുകളെയാണ്. 3.6 മടങ്ങ് അധിക ഉല്‍പാദനം ആവശ്യമാണെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. നമുക്ക് നമ്മുടേതായ വികസനമാതൃകകളുണ്ട്. അതിനെ കാലാനുസൃതമായി പരിഷ്‌കരിച്ച് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് നാം ശ്രമിക്കേണ്ടത്. അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തിലുള്ള പരിസ്ഥിതി സൗഹൃദ വികസനപ്രക്രിയകളാണ് ആവശ്യം.
ഓരോ സ്ഥലത്തെയും വിഭവശേഷി കണ്ടെത്തണം. അവ പരിപോഷിപ്പിക്കപ്പെടണം. നിയന്ത്രിതമായ ഉപഭോഗം ആവിഷ്‌കരിക്കണം- അങ്ങനെ നമുക്ക് സമഗ്ര വികസനം എന്ന സങ്കല്‍പ്പത്തിന് അടിസ്ഥാനമൊരുക്കാനാവും. അനുവര്‍ത്തിക്കുന്ന സമ്പ്രദായത്തില്‍ തെറ്റുണ്ടായാല്‍ അത് തിരുത്തി വീണ്ടും ആവിഷ്‌കരിക്കണം. എങ്കിലേ സുസ്ഥിര വികസനം സാധ്യമാവൂ. പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്ത് ഭാവിതലമുറയ്ക്ക് നീക്കിവയ്ക്കാത്ത അവസ്ഥയിലാണ് സുസ്ഥിര വികസനം എന്ന സങ്കല്‍പ്പം ഉരുത്തിരിഞ്ഞുവന്നത്. ഭാവിയെക്കുറിച്ച് കരുതലുള്ള സങ്കല്‍പ്പമാണത്.
പരിസ്ഥിതി ഒരു വൈകാരിക വിഷയമായി മാത്രം കാണേണ്ട കാര്യമല്ല. മറിച്ച് വിവേകപൂര്‍വം കൈകാര്യം ചെയ്യേണ്ട വിജ്ഞാനശാഖയാണത്. വ്യവസായസ്ഥാപനങ്ങള്‍ മലിനീകരണമുണ്ടാക്കുന്നു എന്ന് കണ്ടാല്‍ സ്ഥാപനം നിര്‍ത്തലാക്കുകയല്ല പരിഹാരം. ശാസ്ത്രീയമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിച്ച് കര്‍ശന നിയന്ത്രണത്തോടെ അവയെ പരിസ്ഥിതി സൗഹൃദ സംവിധാനമാക്കി നിലനിര്‍ത്തിക്കൊണ്ടുപോവാനാണ് ശ്രദ്ധിക്കേണ്ടത്.
പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഗവേഷണസംവിധാനങ്ങള്‍ ആവശ്യമുണ്ട്. ഈ മേഖലയില്‍ പ്രാവീണ്യം നേടിയവരാണ് ഇക്കാര്യത്തില്‍ മാതൃകാപരമായ അഭിപ്രായം രേഖപ്പെടുത്തേണ്ടത്. അത്തരം അഭിപ്രായങ്ങളും പൊതുവികാരങ്ങളും പഠിച്ച് വിവേകപൂര്‍വം ഇടപെടുമ്പോഴാണ് ശാശ്വതമായ പരിഹാരം കണ്ടെത്താനാവുക.
മാലിന്യസംസ്‌കരണം, വിഭവശോഷണം, ഊര്‍ജ ദുരുപയോഗം, അനധികൃത പ്രകൃതിചൂഷണം, ജലത്തിന്റെ അശാസ്ത്രീയ ഉപഭോഗം തുടങ്ങിയ വിഷയങ്ങള്‍ സൂക്ഷ്മമായി പഠിച്ച് ആവശ്യമെങ്കില്‍ നിയമനിര്‍മാണത്തിലൂടെയായാലും പരിഹരിക്കണം. കാലാനുസൃത മാറ്റങ്ങള്‍ ഇവിടെ ആവശ്യമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമങ്ങളുടെ നടപ്പാക്കല്‍ കര്‍ശനമാക്കണം. അതിനൊപ്പം തന്നെ പരിസ്ഥിതി പ്രശ്‌നത്തിന്റെ ദുരുപയോഗം തടയുകയും വേണം. അന്ധവും തീവ്രവുമായി നടത്തുന്ന അശാസ്ത്രീയമായ പരിസ്ഥിതി പ്രകടനങ്ങളില്‍ നിയന്ത്രണം വേണം. വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതു രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഈ തിരിച്ചറിവിലൂടെ മുന്നേറുന്നതിനാവട്ടെ നമ്മുടെ ശ്രദ്ധ.
Next Story

RELATED STORIES

Share it