Idukki local

പരിക്കേറ്റ വൃദ്ധയുടെ ദുരൂഹ മരണം; യഥാര്‍ഥ പ്രതിയെ കണ്ടെത്താനാവാതെ പോലിസ്

തൊടുപുഴ: മൂലമറ്റം ഇലപ്പള്ളിയില്‍ വൃദ്ധയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണ മാല കവര്‍ന്നെന്ന് വീട്ടുകാര്‍ പരാതി കൊടുത്ത സംഭവത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന വൃദ്ധ മരിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് മരിച്ചത്. സംഭവത്തില്‍ പോലിസ് ചോദ്യം ചെയ്ത അയല്‍വാസിയായ യുവതി ഒന്നര വയസ്സുള്ള മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് രണ്ടു മരണങ്ങളാണ് സംഭവിച്ചത്. പോലിസ് അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൂലമറ്റം ഇലപ്പള്ളി പാത്തിക്കപ്പാറ ജങ്ഷനില്‍ പാത്തിക്കപ്പാറ വിന്‍സെന്റിന്റെ് ഭാര്യ ജയ്‌സമ്മയാണ് (28) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയല്‍വാസിയായ കുപ്പിലാനിയ്ക്കല്‍ അന്നമ്മ 96നെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു സ്വര്‍ണമാല കവര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് ജയ്‌സമ്മയെ പോലിസ് ചോദ്യം ചെയ്തത്.
എന്നാല്‍ സംഭവത്തില്‍ വീണ് പരിക്കേറ്റതോ തലയ്ക്കടിയറ്റതോ ആണ് വൃദ്ധയുടെ തലയ്ക്ക് മാരകമായി മുറിവേറ്റതെന്നാണ് പോലിസ് പറയുന്നത്. ഫെബ്രുവരി ആറിനാണ് വൃദ്ധയെ വീണ നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്കു വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. അന്നമ്മയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ വീട്ടുമുറ്റത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ വൃദ്ധയെ കണ്ടെത്തുകയായിരുന്നു. തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റ അന്നമ്മയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
ഐസിയുവില്‍ പ്രവേശിപ്പിക്കാന്‍ ആഭരണങ്ങള്‍ അഴിച്ചുമാറ്റുന്നതിനിടെയാണു കഴുത്തിലണിഞ്ഞ മാല നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
പിന്നീടാണ് വീട്ടുകാര്‍ മാല മോഷണത്തിനിടെയാണ് തലക്കടിയേറ്റെന്ന നിഗമനത്തിലെത്തിയതും പോലിസില്‍ പരാതി നല്‍കിയതും. ഗ്രാമ്പു നിരത്തിക്കൊണ്ട് മുറ്റത്ത് നില്‍ക്കുകയായിരുന്ന തന്നെ പിന്നില്‍ നിന്നൊരാള്‍ അടിച്ചു വീഴ്ത്തുകയായിരുന്നെന്ന് അന്നമ്മ പറഞ്ഞെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ പോലിസ് നിരവധി തവണ ശ്രമിച്ചിട്ടും വൃദ്ധയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് പോലിസ് ജയ്‌സമ്മയെ നിരീക്ഷിക്കാന്‍ ആരംഭിച്ചിരുന്നു.
സംഭവത്തില്‍ യുവതിക്കു പങ്കുണ്ടന്ന നിലയില്‍ വീട്ടിലും തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണു പിഞ്ചുകുഞ്ഞിനെ കൊന്ന് ജയ്‌സമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജയ്‌സമ്മക്കെതിരേ ആരോപണങ്ങളല്ലാതെ വ്യക്തമായ തെളിവുകള്‍ ഹാജാരാക്കാന്‍ പോലിസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. പുറത്തു നിന്നെത്തിയ അരെങ്കിലുമാണോ സംഭവത്തിന്റെ പിന്നിലെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it