പരവൂര്‍ ദുരന്തം: ഐഎഎസ് - ഐപിഎസ് ഭിന്നത രൂക്ഷം

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ തന്റെ റിപോര്‍ട്ട് മറികടന്ന് ഡിജിപിയോട് വിശദീകരണം തേടിയ സര്‍ക്കാര്‍ നടപടിയില്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്ക് അതൃപ്തി. ഇക്കാര്യം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അവര്‍ അറിയിച്ചു. കൊല്ലം കമ്മീഷണര്‍, എസിപി, സിഐ എന്നിവര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്താണ് ആഭ്യന്തര സെക്രട്ടറി റിപോര്‍ട്ട് നല്‍കിയത്. ഈ റിപോര്‍ട്ട് പരിഗണിക്കാതെ ഡിജിപിയോട് വീണ്ടും വിശദീകരണം തേടിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി.
എന്നാല്‍, തന്റെ റിപോര്‍ട്ട് സര്‍ക്കാര്‍ ഡിജിപിക്ക് അയച്ചത് ശരിയായില്ലെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിലപാട്. ഡിജിപിയുടെ വിശദീകരണം കൂടെ പരിഗണിച്ചാണ് താന്‍ റിപോര്‍ട്ട് നല്‍കിയിരുന്നത്. തെറ്റും ശരിയും കൃത്യമായി വിലയിരുത്തിയാണ് റിപോര്‍ട്ട്. പദവിയില്‍ തന്നേക്കാള്‍ താഴെയാണ് ഡിജിപിയെന്നും നളിനി നെറ്റോ പറയുന്നു. ഇതോടെ പരവൂര്‍ ദുരന്തത്തില്‍ ഐഎഎസ്-ഐപിഎസ് പോര് മുറുകുകയാണ്. ക്ഷേത്രത്തില്‍ നടക്കാന്‍ പോവുന്നത് മല്‍സരക്കമ്പമെന്ന രഹസ്യാന്വേഷണ റിപോര്‍ട്ട് പോലിസ് അവഗണിച്ചെന്നും അതിനാല്‍ നടപടി വേണമെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ. കൃത്യനിര്‍വഹണത്തി ല്‍ വീഴ്ചവരുത്തിയ കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ്, ചാത്തന്നൂര്‍ എസിപി, പരവൂര്‍ സിഐ എന്നിവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയാണ് പരവൂരില്‍ സംഭവിച്ചതെന്നാണ് ഡിജിപിയുടെ പക്ഷം. നിരോധന ഉത്തരവ് ജനങ്ങളെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടു. ഉത്തരവാദിത്തം പോലിസിനു മാത്രമല്ല. വീഴ്ചകള്‍ എവിടെയൊക്കെ ഉണ്ടായെന്നത് കൃത്യമാണ്. പോലിസിനെ മാത്രം ബലിയാടാക്കുന്നത് ആത്മവീര്യം ഇല്ലാതാക്കുമെന്നുമാണ് ഡിജിപിയുടെ നിലപാട്. മല്‍സരക്കമ്പത്തിനു മാത്രമാണോ നിരോധനം എന്നും സാധാരണ വെടിക്കെട്ടിന് അനുമതിയുണ്ടോയെന്നും ജില്ലാ ഭരണകൂടത്തിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല.
ഈ ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇക്കാര്യം വ്യക്തമാക്കാന്‍ ഒരു ഫോണ്‍കോളിന്റെ ആവശ്യമെ ഉണ്ടായിരുന്നുള്ളൂ. എന്നാ ല്‍, രഹസ്യാന്വേഷണ റിപോര്‍ട്ട് പോലും കാര്യമായി എടുക്കാതെ കൃത്യവിലോപം കാട്ടിയത് പോലിസ് ആണെന്നാണ് ആരോപണം. ജില്ലാ ഭരണകൂടമാണ് പിഴവ് വരുത്തിയതെന്ന് തുടക്കം മുതല്‍ നിലപാടെടുത്ത ഡിജിപിയോട് വീണ്ടും വിശദീകരണം ആവശ്യപ്പെട്ടതിനു പിന്നില്‍ കുറ്റക്കാരായ പോലിസുകാരെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും ആഭ്യന്തരസെക്രട്ടറി ആരോപിക്കുന്നു. ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും രണ്ട് തട്ടിലായത് സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്.
പോലിസുകാരെ സമ്മര്‍ദത്തിലാക്കിയ രാഷ്ട്രീയക്കാരെ കണ്ടെത്താതിരിക്കാനാനുള്ള ശ്രമമാണ് ഈ നീക്കത്തിനു പിന്നിലെന്ന് പ്രതിപക്ഷ ആരോപണം ഉയര്‍ന്നു കഴിഞ്ഞു. അതെസമയം, ഡിജിപിയോട് റിപോ ര്‍ട്ട് ചോദിച്ചതില്‍ അപാകതയില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. സാധാരണയായി തന്റെ മുന്നില്‍ വരുന്ന റിപോര്‍ട്ടുകളില്‍ ഡിജിപിയോട് അഭിപ്രായം ചോദിക്കാറുണ്ട്. ഇതും അത്തരത്തില്‍ ആരാഞ്ഞതാണെന്നും ആഭ്യന്തര സെക്രട്ടറി തന്നെ അതൃപ്തി അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it