Kottayam Local

പമ്പാവാലിയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്തു

പമ്പാവാലി: മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ പമ്പാവാലിക്ക് പട്ടയം നല്‍കുന്നത് അസാദ്ധ്യമാണെന്ന് കരുതിയപ്പോള്‍ ഈ സര്‍ക്കാര്‍ അത് സാധ്യമാക്കിയെന്ന് മന്ത്രി അടൂര്‍ പ്രകാശ്. എയ്ഞ്ചല്‍വാലിയില്‍ കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്ത സമ്മേളനത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ പട്ടിണി മാറ്റിയ കര്‍ഷകരാണ് ഇത്രയും നാള്‍ പട്ടയമില്ലാതെ നരകിച്ചത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് മറ്റ് സ്ഥലങ്ങളില്‍ കൊടുത്തതിനേക്കാള്‍ ഉപരിയായി സ്വതന്ത്ര അവകാശങ്ങളുള്ള പട്ടയങ്ങളാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ സാധാരണക്കാരുടെ കൈവശമുള്ള പട്ടയം പോലെ ഉപാധികളില്ലാത്ത പട്ടയമാണ് നല്‍കിയിരിക്കുന്നത്.
1200ഓളം കുടുംബങ്ങള്‍ക്ക് രണ്ട് മാസത്തിനകം പട്ടയം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ 167438 പേര്‍ക്ക് പട്ടയം നല്‍കി. ചിറ്റാറില്‍ 4500 പേര്‍ക്ക് കൂടി പട്ടയം നല്‍കി. ചിറ്റാറില്‍ പമ്പാവാലിയിലെ പോലെ സ്വാതന്ത്യത്തിന് ശേഷം കുടിയേറ്റം നടന്നതാണ്. ദിവസങ്ങള്‍ക്കുള്ളില്‍ 180000 -ല്‍ പരം പേര്‍ക്ക് പട്ടയം നല്‍കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭൂരഹിതരായ 5500 പേര്‍ക്ക് മൂന്ന് സെന്റ് ഭൂമി വീതം നല്‍കി.
ഇതിനെല്ലാം ഏറ്റവും പ്രധാനപ്പെട്ടത് 68 വര്‍ഷത്തിന് ശേഷം പമ്പാവാലിയിലെ കര്‍ഷകര്‍ പട്ടയത്തിലൂടെ സ്വാതന്ത്യം നേടിയെന്നുള്ളതാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ ആന്റോ ആന്റണി എംപി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ എം പി ജോസ്, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ പി കെ നളിനി, ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്, പ്രകാശ് പള്ളിക്കൂടം, സൂസമ്മ രാജു, റോയി കപ്പലുമാക്കല്‍, ഫാദര്‍ ആന്റണി ചെന്നക്കാട്ടുകുന്നേല്‍, ശ്രീപാദം ശ്രീകുമാര്‍, തഹസീല്‍ദാര്‍ കെ പി സജീവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it