പദ്ധതിവിഹിതം; തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ചവരുത്തിയെന്ന് സംസ്ഥാന ധനകാര്യ കമ്മീഷന്‍

തിരുവനന്തപുരം: പദ്ധതികള്‍ നടപ്പാക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ചവരുത്തിയെന്നു സംസ്ഥാന ധനകാര്യ കമ്മീഷന്‍. പദ്ധതികളുടെ ബാഹുല്യമാണ് ഇതിന്റെ പ്രധാന കാരണം. പദ്ധതികള്‍ക്കു രൂപംനല്‍കുന്ന ഘടനയില്‍ തന്നെ മാറ്റംവരുത്തണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ബി എ പ്രകാശ് ആവശ്യപ്പെട്ടു. പദ്ധതി നിര്‍വഹണം സംബന്ധിച്ചു തദ്ദേശസ്ഥാപന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതികളുടെ എണ്ണം കുറയ്ക്കണം. ഗ്രാമപ്പഞ്ചായത്തുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോര്‍പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും പദ്ധതി പ്രവര്‍ത്തനം വളരെ പിന്നാക്കമാണ്. കഴിഞ്ഞവര്‍ഷം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വിനിയോഗം 68 ശതമാനം മാത്രമാണ്. കോര്‍പറേഷന്റേത് 45.6 ശതമാനവും. ഇവിടെയുണ്ടായിരുന്ന പദ്ധതികളുടെ എണ്ണം യഥാക്രമം 1019, 1161 ആണ്. ഇവയില്‍ പൂര്‍ത്തിയായത് 789ഉം 258ഉം. മറ്റു ജില്ലാ പഞ്ചായത്തുകളുടെയും കോര്‍പറേഷനുകളുടെയും സ്ഥിതിയും വിഭിന്നമല്ല. കൊല്ലം ജില്ലാ പഞ്ചായത്തിലെ കഴിഞ്ഞവര്‍ഷത്തെ വിനിയോഗം 52.56 ശതമാനം മാത്രമാണ്. ഇവിടെ 729 പദ്ധതികളില്‍ പൂര്‍ത്തിയാക്കിയത് 227. എറണാകുളം ജില്ലാ പഞ്ചായത്തിലാണെങ്കില്‍ 52.13 ശതമാനമാണു വിനിയോഗിച്ചത്.
ആവിഷ്‌കരിച്ച 1,654 പദ്ധതികളില്‍ 842 എണ്ണം പൂര്‍ത്തീകരിച്ചു. കൊച്ചി കോര്‍പറേഷന്റെ വിനിയോഗം 53.1 ശതമാനമായപ്പോള്‍ ആവിഷ്‌കരിച്ച 708 പദ്ധതികളില്‍ പൂര്‍ത്തീകരിക്കാനായത് വെറും 255 മാത്രമാണെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.
പദ്ധതി കോ-ഓഡിനേറ്റര്‍മാരുടെ നിയമനം, വര്‍ക്കിങ് ഗ്രൂപ്പുകളുടെ രൂപീകരണം, സ്റ്റോക്ക് ഹോള്‍ഡേഴ്‌സ് കണ്‍സള്‍ട്ടേഷന്‍, വികസന സെമിനാര്‍ എന്നിവകൊണ്ട് പ്രയോജനം ലഭിക്കുന്നില്ല. ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും പങ്കെടുക്കുന്ന കൂടുതല്‍ വനിതകളും കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളുമായതിനാല്‍ വികസന പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. ബിപിഎല്‍ പദ്ധതി വഴി ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും വ്യക്തിഗത ആനുകൂല്യങ്ങളുമാണു പ്രധാനമായി ചര്‍ച്ചചെയ്യുന്നത്. പൂര്‍ണമായി തയ്യാറാക്കിയ പദ്ധതികളല്ല ഡിപിസി അനുമതിക്കായി നല്‍കുന്നത്. ഇതുമൂലം പ്രൊജക്റ്റുകള്‍ നടപ്പാക്കാന്‍ വേണ്ട സാങ്കേതികാനുമതിക്കു കാലതാമസം നേരിടുന്നതായും കമ്മീഷന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it