പത്താന്‍കോട്ട് ആക്രമണം:  ഇന്ത്യക്ക് തെളിവു നല്‍കാനായില്ലെന്ന് പാകിസ്താന്‍

ന്യുഡല്‍ഹി/ഇസ്‌ലാമാബാദ്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയത് പാകിസ്താനില്‍ നിന്നുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈമാറാന്‍ ഇന്ത്യക്കായില്ലെന്ന് സംയുക്ത പാക് അന്വേഷണ സംഘം.
പ്രധാന കവാടത്തിലൂടെ പ്രവേശിപ്പിക്കുന്നതിന് പകരം പാകിസ്താനില്‍ നിന്നുള്ള അന്വേഷണ സംഘത്തെ ഇടുങ്ങിയ വഴിയിലൂടെയാണ് വ്യോമതാവളത്തിലേക്കെത്തിച്ചതെന്ന് സംയുക്ത അന്വേഷണ സംഘത്തെ ഉദ്ധരിച്ച് പാക് മാധ്യമമായ ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. 55 മിനിറ്റ് മാത്രമായിരുന്നു താവളത്തില്‍ പരിശോധന നടത്താനുള്ള അനുവാദം.
ഏക്കറുകളോളം വരുന്ന വ്യോമതാവളം പരിശോധിക്കാന്‍ ഈ സമയം അപര്യാപ്തമായിരുന്നുവെന്നും പാക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാര്‍ച്ച് 29ന് പത്താന്‍കോട്ട് വ്യോമതാവളത്തില്‍ പരിശോധനയ്‌ക്കെത്തിയ പാക് സംഘത്തോടൊപ്പം ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അക്രമികള്‍ വ്യോമതാവളത്തിലേക്ക് കടന്ന വഴി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പാക് സംഘത്തിന് കാണിച്ചുകൊടുത്തു. ചുരുങ്ങിയ സമയം മാത്രം അനുവദിച്ചതിനാല്‍ തെളിവുകള്‍ ശേഖരിക്കാനായില്ലെന്ന് പാക് അന്വേഷണ സംഘം അറിയിച്ചു.
അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം പാക് സംയുക്ത അന്വേഷണ സംഘം കഴിഞ്ഞദിവസമാണ് നാട്ടിലേക്ക് തിരിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ത്യ-പാക് സംഘത്തിന് കൈമാറിയിരുന്നു. നാല് അക്രമികളുടെ ഡിഎന്‍എ സാംപിള്‍, ഫോണ്‍ രേഖകള്‍, ജയ്‌ശെ മുഹമ്മദിന് ആക്രമണത്തില്‍ പങ്കുള്ളതിന്റെ തെളിവ് എന്നിവയും കൈമാറിയെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് രാത്രി പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ആക്രമണത്തില്‍ നാല് അക്രമികളും ഏഴ് സൈനികരും കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it