പത്താന്‍കോട്ട് ആക്രമണം: വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവച്ചേക്കും

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ശേഖരിച്ച പുതിയ വിവരങ്ങള്‍ എന്‍ഐഎ പാകിസ്താന്‍ അന്വേഷണസംഘത്തിനു കൈമാറിയേക്കും. 27നാണ് പാക് സംഘം ഇന്ത്യയിലെത്തുക.
അതിര്‍ത്തി കടന്ന് അക്രമികള്‍ പത്താന്‍കോട്ടില്‍ എത്തുന്നതിനായി സ്വീകരിച്ച വഴിയെക്കുറിച്ച് പുതിയ വിവരങ്ങള്‍ എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ആക്രമണത്തില്‍ പങ്കാളികളാണെന്നു കണ്ടെത്തിയ നാല് ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരുടെ പേരുകളും പാക് അന്വേഷണ സംഘത്തിനു കൈമാറും. നേരത്തെ പറഞ്ഞതുപോലെ ബമിയാല്‍ വഴിയല്ല ദിന്‍ദ അതിര്‍ത്തി വഴിയാണ് ആക്രമണത്തിനായി ആയുധധാരികള്‍ എത്തിയതെന്നാണ് എന്‍ഐഎയുടെ പുതിയ കണ്ടെത്തല്‍. അക്രമികള്‍ ഉപയോഗിച്ചുവെന്നു കരുതുന്ന ഭക്ഷണപ്പൊതികള്‍ ഇവിടെനിന്നു കണ്ടെത്തിയിരുന്നു.
ആക്രമണത്തില്‍ പങ്കെടുക്കവെ കൊല്ലപ്പെട്ട നാല് ആയുധധാരികളുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. ആക്രമണത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ വെടിവയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം, ഇവരുടെ ഉയരം അടക്കമുള്ള വിവരങ്ങളും അന്വേഷണ ഏജന്‍സി പുറത്തുവിട്ടു. കൊല്ലപ്പെട്ടവരിലൊരാളുടെ ഇരു കാലുകളിലും പെരുവിരല്‍ ഉണ്ടായിരുന്നില്ലെന്ന് എന്‍ഐഎ അറിയിച്ചു. ചിത്രങ്ങള്‍ പരസ്യമാക്കാനും ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പാരിതോഷികം നല്‍കാനും തീരുമാനമായി. ഇവരെക്കുറിച്ചു വിവരങ്ങള്‍ തേടുന്നതിനായി ബ്ലാക്ക് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളുമായി എന്‍ഐഎ ബന്ധപ്പെട്ടിരുന്നു. ജനുവരി രണ്ടിനായിരുന്നു പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമതാവളത്തില്‍ ആക്രമണം നടന്നത്.
Next Story

RELATED STORIES

Share it