പത്താന്‍കോട്ട് ആക്രമണം ഇന്ത്യയുടെ നാടകമെന്ന് പാക് അന്വേഷണസംഘം

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലെ ആക്രമണം ഇന്ത്യയുടെ നാടകമായിരുന്നെന്ന് പാക് അന്വേഷണസംഘം. ഇന്ത്യയിലെത്തി പരിശോധന നടത്തിയ പാകിസ്താന്‍ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാക് മാധ്യമമായ പാകിസ്താന്‍ ടുഡേയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ആക്രമണത്തെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് നേരത്തേ അറിവുണ്ടായിരുന്നു. ഏതാനും മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ മാത്രമേ അവിടെ നടന്നിട്ടുള്ളൂവെന്നും ദിവസങ്ങള്‍ നീണ്ട ഏറ്റുമുട്ടല്‍ ഇന്ത്യയുടെ നാടകമായിരുന്നെന്നും റിപോര്‍ട്ടില്‍ പറയുന്നു.
പഞ്ചാബ് മേഖലാ ഭീകരവിരുദ്ധ കേന്ദ്രം തലവന്‍ മുഹമ്മദ് താഹിര്‍ റായുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണസംഘം മാര്‍ച്ച് അവസാനമാണ് ഡല്‍ഹിയിലെത്തി എന്‍ഐഎ ഉദ്യോഗസ്ഥരോട് ചര്‍ച്ച നടത്തുകയും പത്താന്‍കോട്ട് വ്യോമകേന്ദ്രം സന്ദര്‍ശിക്കുകയും ചെയ്തത്. ലാഹോര്‍ ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അസീം അര്‍ഷാദ്, ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ തന്‍വീര്‍ അഹ്മദ്, മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ ഇര്‍ഫാന്‍ മിര്‍സ, ഗുജര്‍നാന്‍വാല ഭീകരവിരുദ്ധകേന്ദ്രം ഉദ്യോഗസ്ഥന്‍ ഷാഹിദ് തന്‍വീര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ റിപോര്‍ട്ട് ദിവസങ്ങള്‍ക്കകം പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് കൈമാറും.
ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹ്മദിനെക്കുറിച്ചും റിപോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. എന്‍ഐഎയിലെ മുസ്‌ലിം ഉദ്യോഗസ്ഥന്റെ ക്രൂരമായ കൊലപാതകം രഹസ്യം മൂടിവയ്ക്കാന്‍ വേണ്ടിയാണെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപോര്‍ട്ട് പറയുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന അന്വേഷണം പരിശോധിക്കാനായെത്തിയ സംഘം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്, സിങിന്റെ പാചകക്കാരന്‍ മദന്‍ ഗോപാല്‍ എന്നിവരടക്കമുള്ള സാക്ഷികളെ ചോദ്യംചെയ്തിരുന്നു.
അതേസമയം, പാകിസ്താന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് ഇന്ത്യ വ്യക്തമാക്കി. പത്താന്‍കോട്ട് ആക്രമണം സംബന്ധിച്ച് നിഷേധിക്കാനാവാത്ത തെളിവുകളാണ് ഇന്ത്യ പാകിസ്താന് നല്‍കിയതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it