Kollam Local

പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് വികസനം അന്യമാവുന്നു

പത്തനാപുരം: പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോ വികസനത്തിനായി കൊതിക്കുന്നു. മലയോരത്തെ ഗതാഗതത്തിന് ഏക ആശ്രയമായ ഡിപ്പോക്കായി വര്‍ഷങ്ങളായി പുതിയ ഒരു ബസ് പോലും അനുവദിച്ചിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ പുതിയതായി തുടങ്ങിയ സര്‍വീസുകളുടെ എണ്ണം രണ്ട് മാത്രമെന്നറിയുമ്പോള്‍ വികസനത്തിന് അധികൃതരുടെയും ജനപ്രതിനിധികളുടേയും ശുഷ്‌കാന്തി എത്രയെന്ന് വ്യക്തമാവും. മാനന്തവാടിയിലേക്കും എറണാകുളം അമൃത ആശുപത്രിയിലേക്കുമാണ് ആരംഭിച്ച രണ്ട് സര്‍വീസുകള്‍. ഡിപ്പോ വികസനത്തിന് പേരിന് പോലും നടപടികളില്ലെന്ന് വ്യക്തമാവണമെങ്കില്‍ ഇവിടെ നാളിതുവരെ എന്ത് വികസനം നടന്നുവെന്നും ഇപ്പോള്‍ എന്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും അന്വേഷിച്ചാല്‍ മനസിലാവും. പഞ്ചായത്ത് മാര്‍ക്കറ്റിനോട് ചേര്‍ന്ന് നല്‍കിയ ഒരേക്കറോളം സ്ഥലത്ത് രണ്ടായിരം മാര്‍ച്ചിലാണ് പുതിയ ഡിപ്പോ തുടങ്ങിയത്. പിന്നീട് രണ്ടായിരത്തി എട്ട് നവംബറില്‍ എ കെ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അന്‍പത് ലക്ഷത്തോളം രൂപ മുടക്കി ഒരു ബഹുനില മന്ദിരം പണിതത് മാത്രമാണ് ഏക വികസനം. യാത്രക്കാര്‍ക്ക് ബസ് കാത്ത് നില്‍കുന്നതിന് യാതൊരു സൗകര്യവും ഇവിടില്ല. വെയിലായാലും മഴയായാലും ഗ്രൗണ്ടില്‍ തമ്പടിക്കുക തന്നെ ശരണം. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഒരു ടോയലറ്റ് പോലുമില്ല. ജീവനക്കാരുടെ അവസ്ഥയും ഇതുതന്നെയാണ്. ബഹുനില മന്ദിരത്തില്‍ ജീവനക്കാര്‍ക്കായി പണിത ടോയലറ്റ് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം പൊട്ടി ഒലിച്ച് തുടങ്ങി. സെപ്ടിക് ടാങ്കിന് വലിപ്പമില്ലാത്തതാണ് ദിനവും പൊട്ടി ഒലിക്കുന്നതിന് കാരണം. സ്ഥലപരിമിതിയാണ് ഡിപ്പോയുടെ വികസനത്തിന് തടസം. ബസുകള്‍ പാര്‍ക്ക് ചെയ്യുവാന്‍ ഇടമില്ലാത്തതിനാല്‍ റോഡിന്റെ വശങ്ങളില്‍ വ്യാപാരശാലകള്‍ക്ക് മുന്‍പിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരും വ്യാപാരികളും തമ്മില്‍ നിരന്തരം വഴക്കാണ്.

സമീപത്തുളള തടി ഡിപ്പോ വക സ്ഥലം വിട്ട് നല്‍കാമെന്ന് പല തവണ അധികാരികള്‍ വാഗ്ദാനം നല്‍കിയെങ്കിലും തുടര്‍നടപടികളില്ല. ഡിപ്പോ വക സ്ഥലം ഔഷധിയുടെ കൂറ്റന്‍ കെട്ടിട നിര്‍മാണത്തിന് വരെ വിട്ട് നല്‍കിയെങ്കിലും കെഎസ്ആര്‍ടിസിക്ക് മാത്രം ലഭിക്കുന്നില്ല. ജനപ്രതിനിധികളുടെ അനാസ്ഥയാണ് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Next Story

RELATED STORIES

Share it