Alappuzha local

പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചു; വൈറല്‍പനിക്ക് 489 പേരും വയറിളക്കരോഗങ്ങള്‍ക്ക് 86 പേരും ചികില്‍സ തേടി

ആലപ്പുഴ: ജില്ലയിലെ വിവിധ ആശുപത്രികളിലായി വൈറല്‍പനിക്ക് 489 പേരും വയറിളക്കരോഗങ്ങള്‍ക്ക് 86 പേരും ചികില്‍സ തേടി. 33 പേര്‍ വൈറല്‍പനിക്കും ഒമ്പതു പേര്‍ വയറിളക്കരോഗങ്ങള്‍ക്കും ഐപിയില്‍ ചികില്‍സയില്‍ ഉണ്ട്.
എഴുപുന്ന, വയലാര്‍, പുന്നപ്ര, ആര്യാട്, പെരുമ്പളം എന്നിവിടങ്ങളിലായി ഏഴു ചിക്കന്‍ പോക്‌സ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഒരു എലിപ്പനി കേസ് സ്ഥിരീകരിച്ചു. സംശയാസ്പദമായ മൂന്നു കേസുകള്‍ കോടംതുരുത്ത്, മുഹമ്മ, ചെട്ടികാട് എന്നീ സ്ഥലങ്ങളിലും റിപോര്‍ട്ട് ചെയ്തു. ചെമ്പുപുറത്ത് ഒരു ഡെങ്കിപ്പനി കേസ് സ്ഥിരീകരിച്ചു.
ആലപ്പുഴ നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ ആരോഗ്യ പ്രവര്‍ത്തരുടെയും ആശ പ്രവര്‍ത്തകരുടെയും മറ്റ് സന്നദ്ധ പ്രവര്‍ത്തകുടെയും നേതൃത്വത്തില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1,447 വീടുകള്‍ സന്ദര്‍ശിച്ച് 2,392 കൊതുക് ഉറവിടങ്ങള്‍ നശിപ്പിച്ചു. തോട് ശുചീകരണ പ്രവര്‍ത്തനം നടത്തിയ തൊഴിലാളികള്‍ക്ക് എലിപ്പനിക്കെതിരേയുള്ള പ്രതിരോധമരുന്ന് നല്‍കി.
ജില്ലയിലാകെ 20,288 കൊതുകിന്റെ ഉറവിടങ്ങള്‍ നീക്കം ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല, ആലപ്പുഴ, കായംകുളം നഗരസഭ പ്രദേശങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പെരുമ്പളം, തൈക്കാട്ടുശ്ശേരി എന്നിവിടങ്ങില്‍ സ്‌പ്രേയിങും കഞ്ഞിക്കുഴി, താമരക്കുളം, പെരുമ്പളം, പള്ളിപ്പുറം, മുഹമ്മ, പത്തിയൂര്‍, തൈക്കാട്ടുശ്ശേരി, ചേര്‍ത്തല നഗരസഭ പ്രദേശം, ചെട്ടികാട് എന്നീ സ്ഥലങ്ങളില്‍ ഫോഗിങ് നടത്തി. ജില്ലയില്‍പകര്‍ച്ചവ്യാധി പ്രതിരോധ ശുചിത്വ കാംപയിന്റെ ഭാഗമായി 69 ആരോഗ്യസ്ഥാപനങ്ങള്‍, 229 സര്‍ക്കാര്‍ ഓഫീസുകള്‍, 132 സ്വകാര്യസ്ഥാപനങ്ങള്‍, 53 ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പുകള്‍, 47 ടയര്‍ റിപ്പയര്‍ കടകള്‍, 60 ആക്രിക്കടകള്‍, 14 പൊലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
Next Story

RELATED STORIES

Share it