നേപ്പാള്‍: ഇന്ത്യന്‍ നിലപാട് തിരിച്ചടിയാവും

ന്യൂഡല്‍ഹി: നേപ്പാള്‍ പാര്‍ലമെന്റ് ഈയിടെ പാസ്സാക്കിയ ഭരണഘടനയില്‍ മധേസി, താരു വിഭാഗങ്ങള്‍ക്ക് മതിയായ പരിഗണന നല്‍കിയില്ലെന്നാരോപിച്ച് ഇന്ത്യ സമ്മര്‍ദതന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് രാജ്യത്ത് ഇന്ത്യാ വിരോധം ശക്തിപ്പെടുത്തുന്നതിനു കാരണമാവുമെന്നു വിലയിരുത്തല്‍. അനൗദ്യോഗികമായി നേപ്പാളിലേക്കുള്ള ചരക്കുഗതാഗതം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചത് നേപ്പാളില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. മധേസികളാണ് അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നത് എന്നായിരുന്നു വിശദീകരണമെങ്കിലും ആര്‍എസ്എസ് വളണ്ടിയര്‍മാര്‍ സമരം ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. മാത്രമല്ല, ബിഎസ്എഫ് ഭടന്മാര്‍ ഓരോ ചരക്കുവാഹനവും അതിസൂക്ഷ്മമായി പരിശോധിക്കാന്‍ മുന്നിട്ടിറങ്ങിയതും കേന്ദ്രത്തില്‍നിന്നുള്ള നിര്‍ദേശം കിട്ടിയിട്ടാണെന്ന് കരുതപ്പെടുന്നു.
ബിഹാറില്‍ മധേസി, താരു വോട്ടര്‍മാര്‍ ഏറെയുള്ളതിനാല്‍ അത്തരം നിലപാടുകള്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ തങ്ങളെ സഹായിക്കുമെന്നാണ് എന്‍ഡിഎ നേതൃത്വം കരുതിയിരുന്നത്. ഭരണഘടനയില്‍ ഹിന്ദുമതത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പുകളുണ്ടെങ്കിലും നേപ്പാള്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാത്തതില്‍ ഇന്ത്യയിലെ ഹിന്ദുത്വ നേതൃത്വം ക്ഷുഭിതരായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ അശോക് സിംഗാള്‍, മഹന്ത് അവൈദ്യനാഥ് എന്നിവര്‍ക്ക്, സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായ ജ്ഞാനേന്ദ്ര രാജാവുമായി ഗാഢബന്ധം പുലര്‍ത്താനായിരുന്നു. ഹിന്ദുത്വ വിഭാഗത്തിന്റെയും ഇന്ത്യന്‍ നയതന്ത്രജ്ഞരുടെയും സഹായത്തോടെ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ജ്ഞാനേന്ദ്ര ശ്രമം നടത്തിയ വിവരവും പിന്നീട് പുറത്തായിട്ടുണ്ട്.
ഇന്ത്യ ചെലുത്തുന്ന സമ്മര്‍ദ്ദം നേപ്പാളിനെ ചൈനയോടു കൂടുതല്‍ അടുക്കാന്‍ പ്രേരിപ്പിക്കുമെന്ന് നയതന്ത്ര നിരീക്ഷകരായ സുമിത് ഗാംഗുലിയും ബ്രാന്‍ഡണ്‍ മിലിയേറ്റും ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയില്‍ മധേസി, താരു വിഭാഗങ്ങള്‍ക്കു കൂടുതല്‍ സംരക്ഷണം നല്‍കുമ്പോള്‍തന്നെ നേപ്പാള്‍ ചൈനയെ കൂടുതല്‍ ആശ്രയിക്കാന്‍ അതു കാരണമാവും.
വന്‍തോതില്‍ നാശനഷ്ടങ്ങളും ജീവഹാനിയുമുണ്ടാക്കിയ ഭൂമികുലുക്കത്തില്‍ ചൈനയാണ് ആദ്യം സഹായവുമായി കാഠ്മണ്ഡുവിലെത്തിയത്. ഇന്ത്യന്‍ സഹായ സംഘങ്ങള്‍ സെല്‍ഫിയെടുക്കുന്ന തിരക്കില്‍ നേപ്പാളികളെ പ്രകോപിപ്പിക്കുകയും ചെയ്തു. ചൈനയും നേപ്പാളും തമ്മിലുള്ള ബന്ധം സുദൃഢമാവാന്‍ ഭൂമിശാസ്ത്രപരമായ തടസ്സങ്ങളുണ്ടെങ്കിലും ചൈനയുടെ പശ്ചിമഭാഗം അതിവേഗം വികസിക്കുന്നതിനാല്‍ വാണിജ്യ-വ്യവസായ സഹകരണം ശക്തിപ്പെടാനാണ് സാധ്യത. മേഖലയില്‍ ഇന്ത്യ ദാദയെപ്പോലെ പെരുമാറന്നുവെന്ന അയല്‍പ്പക്ക രാജ്യങ്ങളുടെ പ്രചാരണത്തിനും ഇപ്പോഴത്തെ നിലപാട് ശക്തിപകരും.
Next Story

RELATED STORIES

Share it