kasaragod local

നീലേശ്വരത്തെ ഇ-മാലിന്യമുക്തമാക്കാന്‍  നന്മ ഇ-ക്ലീന്‍ പദ്ധതി

നീലേശ്വരം: ഇ-മാലിന്യങ്ങള്‍ അപകടരഹിതമായി റീസൈക്ലിങ് കേന്ദ്രങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നന്മ ഇ-ക്ലീന്‍ പദ്ധതി നടപ്പാക്കുന്നു. നഗരസഭയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും 12നകം ഈ പദ്ധതി നടപ്പിലാക്കും. 12ന് ഇ-വേസ്റ്റുകള്‍ക്ക് യാ്രതയയപ്പ് നല്‍കി നഗരസഭയിലെ വിദ്യാലയങ്ങളെ ഇ- ക്ലീനായി പ്രഖ്യാപിക്കും.
നഗരസഭ കൗണ്‍സിലര്‍മാരും ജീവനക്കാരും എട്ടിനകം ഇ-വേസ്റ്റ് ശേഖരണം നടത്തും. നഗരസഭയുടെ പ്രൊജക്റ്റിന് ക്ലീന്‍ കേരള കമ്പനി അംഗികാരം നല്‍കുകയും ഓരോ കിലോ ഇ- വേസ്റ്റിന് 25 രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുക ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.
ഇലക്ട്രോണിക്‌സ് മാലിന്യങ്ങളെയാണ് ഇ-വേസ്റ്റ് മാലിന്യത്തില്‍ ഉള്‍പ്പെടുത്തിയത്. നഗരസഭ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, കാര്‍ഷിക കോളജ് അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍ എന്നിവരാണ് ഇ- ക്ലീന്‍ പദ്ധതിയുടെ സംഘാടക സമിതി പ്രവര്‍ത്തകര്‍. വിദ്യാലയങ്ങളില്‍ നിന്ന് ശേഖരിച്ച ഇ-വേസ്റ്റ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഈ കമ്പനി ആധുനിക സംവിധാനങ്ങളുള്ള റീസൈക്ലിങ് പ്ലാന്റുകളില്‍ എത്തിച്ച് അത്രയും മാലിന്യം അപകടരഹിതമായും ശാസ്ത്രിയമായും റീസൈക്ലിങ് നടത്തുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ പി ജയരാജന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി പി മുഹമ്മദ്, തോട്ടത്തില്‍ കുഞ്ഞികണ്ണന്‍, സെക്രട്ടറി എന്‍ കെ ഹരീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it