നിയമസഭാ തിരഞ്ഞെടുപ്പിലും ചാലക്കുടി മാതൃക പരീക്ഷിക്കാന്‍ സിപിഎം

ടോമി മാത്യു

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ഇന്നസെന്റിനെ കളത്തിലിറക്കി വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ചാലക്കുടി മാതൃക പരീക്ഷിക്കാന്‍ സിപിഎം നീക്കം ആരംഭിച്ചു.
ചലച്ചിത്ര താരങ്ങളക്കൂടാതെ സംവിധായകരെയും സിപിഎം പരിഗണിക്കുന്നുണ്ടെന്നാണു വിവരം. വിജയസാധ്യത കുറവുള്ളതിലായിരിക്കും താരങ്ങളെ പരീക്ഷിക്കുക. പല താരങ്ങളുടെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും അന്തിമപട്ടികയില്‍ ഇടംപിടിക്കുന്നവരെ സംബന്ധിച്ചു സ്ഥിരീകരണമുണ്ടായിട്ടില്ല. നടന്‍ ശ്രീനിവാസനെ തൃപ്പൂണിത്തുറയില്‍ മല്‍സരിപ്പിക്കാന്‍ നേരത്തെ തന്നെ സിപിഎം ആലോചിക്കുകയും ഇതു സംബന്ധിച്ച് അദ്ദേഹവുമായി നേതാക്കള്‍ പ്രാഥമിക ചര്‍ച്ച നടത്തുകയും ചെയ്തിരുന്നുവത്രെ. എന്നാല്‍, ശ്രീനിവാസന്‍ ഇതിനോട് താല്‍പര്യം പ്രകടിപ്പിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രീനിവാസന്‍ മല്‍സരിക്കുന്നുവെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന്റെ പിറ്റേദിവസം തന്നെ ഇതു നിഷേധിച്ചുകൊണ്ട് അദ്ദേഹം രംഗത്തുവന്നിരുന്നു. എന്നാല്‍, ശ്രീനിവാസനെ മല്‍സരിപ്പിക്കാന്‍ സിപിഎം വീണ്ടും ശ്രമം നടത്തുന്നുണ്ടെന്നാണു വിവരം.
നടന്‍ മുകേഷ് മിക്കവാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവുമെന്ന സൂചനയാണു ലഭിക്കുന്നത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ച് എറണാകുളത്തെത്തിയപ്പോള്‍ മുകേഷ് എത്തുകയും പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കലാഭവന്‍ മണിയാണ് മല്‍സരരംഗത്ത് എത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു താരം. മണിയെ എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നീക്കം ആരംഭിച്ചുവെന്നാണു വിവരം. ഇവരെക്കൂടാതെ ഇടതുപക്ഷത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഏതാനും സംവിധായകരെയും സ്ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ച് സിപിഎം ഗൗരവമായി ആലോചിക്കുന്നുണ്ട്. എന്നാല്‍, ചലച്ചിത്രതാരങ്ങള്‍ സ്ഥാനാര്‍ഥിയാവുമ്പോള്‍ ലഭിക്കുന്ന മുന്‍തൂക്കം സംവിധായകര്‍ക്കു ലഭിക്കില്ലെന്നും സിപിഎം വിലയിരുത്തുന്നു.
കോണ്‍ഗ്രസ്സും ചലച്ചിത്ര താരങ്ങളെ പരിഗണിക്കുന്നുണ്ടെന്നാണു വിവരം. എന്നാല്‍, നേതാക്കളുടെയും സീറ്റുമോഹികളുടെയും ബാഹുല്യമാണ് കോണ്‍ഗ്രസ്സിനെ ഇതില്‍നിന്നു പിറകോട്ടു വലിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി നടന്‍ സുരേഷ് ഗോപി മല്‍സരിക്കുമെന്നും ഇല്ലെന്നും കേള്‍ക്കുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
Next Story

RELATED STORIES

Share it