നിബന്ധനകള്‍ തയ്യാറായെന്നു സൗദി അറേബ്യ

ജിദ്ദ: സൗദിയിലെ ചെറുകിട വ്യാപാര മേഖലയില്‍ 100 ശതമാനം ഉടമസ്ഥതയില്‍ വിദേശ കമ്പനികള്‍ക്കു സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ തയ്യാറായിട്ടുണ്ടെന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നും സൗദി ഇന്‍വസ്റ്റ്‌മെന്റ് ജനറല്‍ അതോറിറ്റി (സാജിയ) മേധാവി എന്‍ജിനീയര്‍ അബ്ദുല്ലത്വീഫ് അല്‍ ഉസ്മാന്‍ അറിയിച്ചു.ഏഴുമാസങ്ങള്‍ക്കു മുമ്പാണു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ സൗദിയിലെ വാണിജ്യമേഖലയില്‍ വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥതയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്നു പ്രഖ്യാപിച്ചത്. രാജ്യത്തെ വാണിജ്യ-വ്യവസായ മേഖലയില്‍ ഒട്ടനവധി ചലനങ്ങള്‍ സൃഷ്ടിക്കുന്ന നിര്‍ണായകമായ ഈ പദ്ധതിയുടെ നിയമങ്ങള്‍ തയ്യാറാക്കുന്നതിനു വിശദമായ പഠനങ്ങള്‍ ആവശ്യമായി വന്നതിനാലാണ് അന്തിമ പ്രഖ്യാപനം നീണ്ടുപോവുന്നതെന്നു സാജിയ മേധാവി വ്യക്തമാക്കി. പദ്ധതിക്കുവേണ്ടി പഠനം നടത്തി നിയമനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനു സൗദി വാണിജ്യ വ്യവസായ, തൊഴില്‍ മന്ത്രാലയങ്ങള്‍, സൗദി നിക്ഷേപക അതോറിറ്റി തുടങ്ങിയ വകുപ്പില്‍ നിന്നുള്ള ഉന്നതരടങ്ങുന്ന സമിതിയെയാണു ചുമതലപ്പെടുത്തിയിരുന്നത്. നിയമത്തിന്റെ കരടുരേഖ ഉള്‍പ്പെടുന്ന റിപോര്‍ട്ട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ഉടനെ സമര്‍പ്പിക്കും. വിവിധതരത്തിലുള്ള കമ്പനികള്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോട്ടുവന്നതു നിബന്ധനകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയും പഠനം നീണ്ടുപോവാന്‍ ഇടയാക്കുകയുമായിരുന്നു. ചില കമ്പനികളും സ്ഥാപനങ്ങളും നേരിട്ട് ഉപഭോക്താക്കള്‍ക്കു സേവനം ലഭ്യമാക്കുന്ന നിലയില്‍ ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കാനാണു താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ചില കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്നതിനു ചെറുകിട സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നു. ഓരോ കമ്പനികള്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കും വ്യാപാര രീതികള്‍ക്കുമനുസരിച്ച് നിയമങ്ങളിലും വ്യത്യാസമുണ്ടായിരിക്കുമെന്നു സാജിയ മേധാവി സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it