kannur local

നാവിന് കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം മലബാറില്‍ കൂടുന്നു

കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ സെന്ററിന്റെ (എംസിസി) ആശുപത്രി അധിഷ്ഠിത കാന്‍സര്‍ രജിസ്ട്രി പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മലബാര്‍ മേഖലയില്‍ നാവിന് കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി കണ്ടെത്തി. രോഗ ബാധിതരില്‍ പുരുഷന്മാരില്‍ അഞ്ചു ശതമാനവും സ്ത്രീകളില്‍ മൂന്നു ശതമാനവുമാണ് നാവിന് കാന്‍സര്‍ കണ്ടെത്തിയത്. അതേ സമയം, പുരുഷന്‍മാരില്‍ ശ്വാസകോശ അര്‍ബുദമാണ് കൂടുതലായും കാണപ്പെടുന്നത്. 21ശതമാനം. തുടര്‍ന്ന് വായ (എട്ട്ശതമാനം), ആമാശയം (ഏഴ്), നാവ് (അഞ്ച് ശതമാനം), സ്വനപേടകം(അഞ്ച് ശതമാനം)വും കാണപ്പെടുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദം (31ശതമാനം)മാണ് കൂടുതലായും കാണപ്പെടുന്നത്.
ഗര്‍ഭാശയ ഗളം(എട്ട് ശതമാനം), അണ്ഡാശയം(ഏഴ് ശതമാനം), വായ (ഏഴ് ശതമാനം) എന്നിങ്ങനെയാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. തെക്കന്‍ കേരളത്തില്‍ സ്ത്രീകളില്‍ തൈയ്‌റോയ്ഡ് കാന്‍സര്‍ കൂടുതലായി കണ്ടെത്തിയിട്ടുണ്ടെങ്കിലും മലബാറില്‍ ഇത് കുറവാണ്. മലബാറില്‍ പുരുഷന്‍മാരില്‍ ആമശയകാന്‍സര്‍ ബാധിതര്‍ കൂടുതലാണെങ്കില്‍ തെക്കന്‍ജില്ലകളില്‍ അത് താരതമ്യേന കുറവാണ്. ഭൂപ്രകൃതി, ഭക്ഷണക്രമം തുടങ്ങിയവയിലെ വ്യത്യസ്ഥയാവാം ഇതിന് കാരണമെന്ന് എംസിസി ഡയരക്ടര്‍ ഡോ.—സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എംസിസിയില്‍ ചികില്‍സയ്‌ക്കെത്തിയവരില്‍ 53.—2ശതമാനം പുരുഷന്‍മാരും 46.8ശതമാനം സ്ത്രീകളുമാണ്. ഇതില്‍ 15വയസ്സിന് താഴെ 0.6ശതമാനവും 65വയസ്സിന് മുകളിലുള്ളവര്‍ 38ശതമാനവുമാണ്. ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ രജിസ്ട്രി (പിബിസിആര്‍) കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മലബാര്‍ കാന്‍സര്‍ സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി.
പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പിബിസിആര്‍ നടപ്പാക്കുക. 2010മുതല്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ആശുപത്രി അധിഷ്ഠിത അര്‍ബുദ രജിസ്ട്രി (എച്ബിസിആര്‍) പ്രവര്‍ത്തിക്കുന്നുണ്ട്. 2014മുതല്‍ പിബിസിആറും പ്രവര്‍ത്തിക്കുന്നുണ്ട്. കാന്‍സര്‍ രജിസ്ട്രി ഹെഡ് ഡോ.——സൈന, ടി ബിന്ദു, കെ രതീശന്‍, സി എസ് പദ്മകുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it