നാലാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കണം: ഹജ്ജ് കമ്മിറ്റി

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് അപേക്ഷിച്ച് നാലു വര്‍ഷമായിട്ടും അവസരം ലഭിക്കാത്തവര്‍ക്ക് ഈ വര്‍ഷം നേരിട്ട് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഹജ്ജ് കമ്മറ്റി പ്രതിനിധികള്‍ കേന്ദ്ര വിദേശകാര്യ വകുപ്പിന് നിവേദനം നല്‍കി. കേരളത്തില്‍ നാലാം വര്‍ഷ(റിസര്‍വ്-ബി) കാറ്റഗറിയില്‍ 8500ലേറെ പേരാണുള്ളത്. ഇവര്‍ ഈ വര്‍ഷം അപേക്ഷിക്കുന്നപക്ഷം നറുക്കെടുപ്പില്ലാതെ അവസരം നല്‍കണം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. വി കെ സിങ്, വിദേശകാര്യ ജോയിന്റ് സെക്രട്ടറി അസീം മഹാജന്‍ എന്നിവരെ നേരില്‍ കണ്ടാണ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ഹജ്ജ് കമ്മിറ്റി അംഗം എ കെ അബ്ദുറഹ്മാന്‍, ഇ സി മുഹമ്മദ് എന്നിവരടങ്ങിയ സംഘം നിവേദനം നല്‍കിയത്.
കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിനു മുമ്പുതന്നെ മലയാളി തീര്‍ത്ഥാടകര്‍ക്ക് നാട്ടില്‍ മികച്ച പരിശീലനം ലഭിക്കുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണ് ഈ പ്രവര്‍ത്തനമെന്ന് വി കെ സിങ് ഹജ്ജ് കമ്മിറ്റി പ്രതിനിധികളെ അറിയിച്ചു.
2016ലെ ഹജ്ജ് നടപടികള്‍ ആരംഭിക്കാനിരിക്കുകയാണ്. കേരളത്തില്‍ അപേക്ഷകര്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നുണ്ട്. എന്നാല്‍, ജനസംഖ്യ അടിസ്ഥാനത്തില്‍ ഹജ്ജ് ക്വാട്ട നല്‍കുന്നതിനാല്‍ കേരളത്തില്‍ നിന്ന് അപേക്ഷിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അവസരം ലഭിക്കുന്നില്ല.
Next Story

RELATED STORIES

Share it