നായനാരെ മുട്ടുകുത്തിച്ച ഓര്‍മകളുമായി കടന്നപ്പള്ളി

ലിഗേഷ് വി സുബ്രഹ്മണ്യന്‍

കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഇത്തവണയും മല്‍സരിക്കാനെത്തുമ്പോള്‍ ത്രസിപ്പിക്കുന്ന ഓര്‍മകള്‍ തന്നെയാണ് കടന്നപ്പള്ളി രാമചന്ദ്രന്‍ എന്ന 72കാരന്റെ മുതല്‍ക്കൂട്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ 1971ല്‍ ആദ്യം നേരിട്ട ലോക്‌സഭാ തിരഞ്ഞെടുപ്പു വിജയമാണ് തന്റെ രാഷ്ട്രീയ വഴിത്തിരിവുകള്‍ക്കുള്ള പ്രധാന കാരണമെന്ന് കടന്നപ്പള്ളി വിലയിരുത്തുന്നു.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ സിപിഎം നേതാവായ ഇ കെ നായനാര്‍ക്കെതിരേയായിരുന്നു ആദ്യ പോരാട്ടം. വോട്ടെണ്ണുന്നതിന് തൊട്ടുമുമ്പുവരെ നൂറിരട്ടിയായിരുന്നു ഇടതുകോട്ടയിലെ ആത്മവിശ്വാസം. രാജ്യത്തു തന്നെ അറിയപ്പെടുന്ന സിപിഎം നേതാവിനെതിരേ വെറും വിദ്യാര്‍ഥി നേതാവിനെ നിര്‍ത്തിയതില്‍ കോണ്‍ഗ്രസ്സിനകത്തും അമര്‍ഷം പുകയുകയായിരുന്നു. എന്നാല്‍, ഇരുപക്ഷത്തെയും ഞെട്ടിച്ച് കടന്നപ്പള്ളിയെന്ന യുവനേതാവ് കേരളരാഷ്ട്രീയത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു.
പിന്നീട് 77ലെ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു.
അടിയന്തരാവസ്ഥയ്ക്കു ശേഷം 1980ല്‍ എ കെ ആന്റണി, പി സി ചാക്കോ തുടങ്ങിയവര്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ടു. 1980ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിക്കൂറില്‍ സ്ഥാനാര്‍ഥിയായി. എതിരാളിയായ കെ സി ജോസഫിനെ ഇരിക്കൂറില്‍ ആദ്യമായും അവസാനമായും തോല്‍പിച്ച് മറ്റൊരു ചരിത്രം കൂടി കടന്നപ്പള്ളി എഴുതിച്ചേര്‍ത്തു.
ഇരിക്കൂറിലെ തിരഞ്ഞെടുപ്പു കാലത്ത് ജീപ്പിന്റെ മൂന്നില്‍ സ്ഥാനാര്‍ഥിയും പിറകില്‍ പെട്രോള്‍ നിറച്ച ബാരലുകളുമായി പ്രചാരണത്തിനു പോയത് ഇന്നും കടന്നപ്പള്ളി ഓര്‍ക്കുന്നു. ഫഌക്‌സ് ബോര്‍ഡുകളും മറ്റ് പ്രചാരണ സംവിധാവുമില്ലാത്ത കാലമായിരുന്നു കടന്നപ്പള്ളിയുടെ ഓര്‍മയിലെ മറ്റൊരു തിരഞ്ഞെടുപ്പ് ചിത്രം.
87ലും 91ലും പേരാവൂരില്‍ എന്‍സിപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചപ്പോഴാണ് തോല്‍വിയുടെ രുചി കടന്നപ്പള്ളി അറിയുന്നത്. പിന്നീട് മല്‍സരരംഗത്ത് നിന്നു പിന്മാറി. കോണ്‍ഗ്രസ്-എസ് രൂപീകരിച്ച് പാര്‍ട്ടിയുടെ അമരക്കാരനായി. ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കടന്നപ്പള്ളിയെയാണ് പിന്നീടു കണ്ടത്. തുടര്‍ന്ന് 15 വര്‍ഷത്തിനു ശേഷം ഇടതു സ്ഥാനാര്‍ഥിയായി വീണ്ടും തിരഞ്ഞെടുപ്പില്‍. തങ്ങളുടെ കോട്ടയായ എടക്കാട് കോണ്‍ഗ്രസ്-എസിനു വിട്ടുകൊടുത്താണ് 2006ല്‍ സിപിഎം ഇടതു സ്‌നേഹത്തിനുള്ള പ്രത്യുപകാരം ചെയ്തത്. ഡിഐസി സ്ഥാനാര്‍ഥിയായ കെ സി കടമ്പൂരാനെ 30,672 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കടന്നപ്പള്ളി നിയമസഭയിലെത്തി. 2011ല്‍ കണ്ണൂര്‍ നിയോജ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായെങ്കിലും എ പി അബ്ദുല്ലക്കുട്ടിയോട് തോല്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it