നാടിനെ വിറപ്പിച്ച കടുവയെ വെടിവച്ചു കൊന്നു

കല്‍പ്പറ്റ: നാടുവിറപ്പിച്ച കടുവയെ തമിഴ്‌നാട് പ്രത്യേക ദൗത്യസേന(എസ്ടിഎഫ്) വെടിവച്ചു കൊന്നു. നീലഗിരി ജില്ലയിലെ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ദേവര്‍ഷോല വുഡ്ബ്രയര്‍ സ്വകാര്യ തേയില തോട്ടമാണ് കടുവ താവളമാക്കിയിരുന്നത്. കടുവയെ വെടിവയ്ക്കുന്നതിനിടെ എസ്ടിഎഫുകാരായ സന്തോഷ് കുമാര്‍, എം രവി എന്നിവര്‍ക്കും വെടിയേറ്റു. സന്തോഷിന്റെ വയറ്റിലും രവിയുടെ കാലിനുമാണു വെടിയേറ്റത്. ഇവരെ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സന്തോഷ് കുമാറിന്റെ നില ഗുരുതരമാണ്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് കടുവയെ തലയ്ക്കു വെടിവച്ചു കൊന്നത്. മയക്കു വെടിവച്ചും കെണിവച്ചും പിടികൂടുന്നതിന് ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നാഷനല്‍ ടൈഗര്‍ അതോറിറ്റിയുടെ ഉത്തരവുപ്രകാരം കടുവയെ വെടിവച്ചു കൊന്നത്.
കഴിഞ്ഞ പതിനൊന്നിന് എസ്റ്റേറ്റിലെ ഇതരസംസ്ഥാന തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഒരാഴ്ച തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സും വനംവകുപ്പും പോലിസും ഊര്‍ജിത തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. 52 കാമറകളും എട്ട് കെണികളുമാണ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്. നിരീക്ഷിക്കുന്നതിനായി നാല് ഏറുമാടങ്ങളും ഒരുക്കി. കര്‍ണാടകയിലെ ബന്ദിപ്പൂരില്‍ നിന്ന് റാണയെന്ന പ്രത്യേക പരിശീലനം നേടിയ പോലിസ് നായയും തിരച്ചിലിന് എത്തിയിരുന്നു. പെണ്‍കടുവയുടെ ശബ്ദമുള്ള സിഡി ഉപയോഗിച്ചും ആകര്‍ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ പുലര്‍ച്ചെ രണ്ടിന് ഏറുമാടത്തിനു സമീപം കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തുടര്‍ന്ന് എസ്ടിഎഫ് സംഘം ഇന്നലെ ഉച്ചയോടെ ഓപറേഷന്‍ ആരംഭിച്ചു. കടുവയെ വെടിവച്ചു കൊന്നശേഷം ഗൂഡല്ലൂര്‍ ചെമ്പാലയിലെ ഈട്ടിമൂലയിലെ വനംവകുപ്പ് ഓഫിസിന് അടുത്തെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. കടുവയ്ക്ക് ഏഴു വയസ്സ് പ്രായം തോന്നിക്കും.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും സമാനമായ സംഭവത്തില്‍ ബിദര്‍ക്കാട് മേഖലയില്‍ നരഭോജി കടുവയെ എസ്ടിഎഫ് സംഘം വെടിവച്ചു കൊന്നിരുന്നു. ഡിആര്‍ഒ ഭാസ്‌കരപാണ്ഡ്യന്‍, തമിഴ്‌നാട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അന്‍വറുദ്ദീന്‍, നീലഗിരി എസ്പി മുരളിറംബ, ആര്‍ഡിഒ വെങ്കിടാചലം, തഹസില്‍ദാര്‍ അബ്ദുര്‍റഹ്മാന്‍, എസിഎഫ് പുഷ്പാകരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കടുവയെ വെടിവച്ചു കൊന്നത്.
Next Story

RELATED STORIES

Share it