നഴ്‌സ് ക്രൂര പീഡനത്തിന് ഇരയായെന്ന പ്രചാരണം: പോലിസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ പുതുതായി ജോലിക്കെത്തിയ നഴ്‌സ് ക്രൂര പീഡനത്തിനിരയായെന്ന പ്രചാരണം സംബന്ധിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. പോലിസ് സംഘം ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റേതടക്കം 10 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പോലിസ സംഘം ശേഖരിച്ചതായാണ് വിവരം. ആശുപത്രിയുടെ പ്രധാന കവാടങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ പക്കല്‍നിന്നും പോലിസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ പുതുതായി ജോലിക്കെത്തിയ നഴ്‌സ് റെയില്‍വേ ട്രാക്കിനു സമീപം വച്ച് ക്രൂരമായ പീഡനത്തിന് ഇരയായെന്ന് ഏതാനും ദിവസം മുമ്പാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു വാര്‍ത്ത. നഴ്‌സ് പീഡനത്തിന് ഇരയായെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് അമൃത ആശുപത്രിക്കെതിരേ പോരാളി ഷാജി ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയിലും പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം നഴ്‌സ് പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്തയില്‍ നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷായ്‌ക്കെതിരേ നവമാധ്യമങ്ങളില്‍ ഹിന്ദു സംരക്ഷണവേദി എന്ന പേരില്‍ വര്‍ഗീയ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ജാസ്മിന്‍ ഷാ ബിഗ് ന്യൂസ് എന്ന വാര്‍ത്താ മാധ്യമത്തിന്റെ ഡയറക്ടറാണെന്നും പ്രമുഖ ആശുപത്രിക്കെതിരേ വ്യാജപ്രചാരണം നടത്തുന്നത് ജാസ്മിന്റെ നേതൃത്വത്തിലാണെന്നും മതമൗലികവാദികളുടെ ആക്രമണത്തില്‍ നിന്നും ഹൈന്ദവ ജനതയെ രക്ഷിക്കണമെന്നുമാണ് പ്രചാരണം.
എന്നാല്‍ യുഎന്‍എ പ്രസിഡന്റ് എന്ന നിലയില്‍ താനും ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ജിതിന്‍ ലോഹിയും മറ്റ് സഹഭാരവാഹികളും പ്രവര്‍ത്തിക്കുന്നത് ഒരു ജാതിയുടെയും മതത്തിന്റെയും പേരിലുള്ള താല്‍പര്യങ്ങള്‍ സംരക്ഷിക്കാനല്ലെന്നും മറിച്ച് മനുഷ്യ വികാരങ്ങള്‍ക്ക് ഇതിനെക്കാളപ്പുറം വിലമതിക്കുന്നത് കൊണ്ടാണെന്നും ജാസ്മിന്‍ ഷാ തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.
പൊതു സമൂഹത്തിനിടയില്‍ ഉയര്‍ന്നു വന്ന ആശങ്കകള്‍ അകറ്റുന്നതിനാണ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് യുഎന്‍എ പരാതി നല്‍കിയതും തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടതും. ഇത് ആരെയെങ്കിലും പ്രകോപിപ്പിച്ചെങ്കില്‍ അതിന്റെ പിന്നിലെ താല്‍പര്യം പരിശോധിക്കണമെന്നും ജാസ്മിന്‍ ഷാ ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്നും ജാസ്മിന്‍ ഷാ പറയുന്നു.
Next Story

RELATED STORIES

Share it