kasaragod local

നഴ്‌സുമാരില്ല; സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

കാഞ്ഞങ്ങാട്: ജില്ലയിലെ നിര്‍ധനരായ രോഗികളുടെ ആശ്രയ കേന്ദ്രമായ സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്‌സുമാരില്ലാത്തതിനാല്‍ പ്രവര്‍ത്തനം താളം തെറ്റുന്നു. ഡ്യൂട്ടിയിലുള്ള നഴ്‌സുമാര്‍ക്ക് അത്യാവശ്യത്തിന് പോലും അവധിയെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ്.
ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, പ്രാഥമിക ആരോഗ്യംകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി നൂറിലധികം നഴ്‌സുമാരുടെ ഒഴിവാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. പിഎസ്‌സി റാങ്ക് ലിറ്റില്‍ നിന്നുള്ള നിയമനം പോലും നടക്കുന്നില്ല.
2010ല്‍ പിഎസ്‌സി പരീക്ഷനടത്തി 2013ല്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ നിന്ന് 32 പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഈ ലിസ്റ്റിന്റെ കാലാവധി മാര്‍ച്ചില്‍ തീരാനിരിക്കുമ്പോഴും നിയമന കാര്യത്തില്‍ യാതൊരു നടപടിയും ആയിട്ടില്ല. നിലവിലുള്ള നഴ്‌സുമാര്‍ ജോലി ഭാരം കൊണ്ട് പൊറുതിമുട്ടുന്നു.
എട്ടുമണിക്കൂര്‍ ജോലി നിലവില്‍ വന്നെങ്കിലും ജീവനക്കാരുടെ കുറവ് മൂലം ഷിഫ്റ്റ് സമ്പ്രദായം നടപ്പിലായിട്ടില്ല. ൈനറ്റ് ഡ്യൂട്ടിക്കെത്തുന്നവര്‍ പിറ്റേദിവസം വൈകിട്ട് വരെ ജോലി ചെയ്യുന്ന അവസ്ഥയുമുണ്ട്.
ഡിഎംഒ തൊട്ടുള്ള ജില്ലാ അധികാരികള്‍ക്കും മന്ത്രിക്കും പരാതി നല്‍കിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. മുമ്പ് പിഎച്ച്‌സികളായിരുന്നവ പലതും താലൂക്ക് ആശുപത്രികളും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുമായി ഉയര്‍ത്തിയെങ്കിലും ഇപ്പോഴും പേരിനുമാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലാകട്ടെ മുമ്പുണ്ടായിരുന്നത്ര നഴ്‌സുമാര്‍ പോലുമില്ല. പിഎസ്‌സി റാങ്ക്‌ലിസ്റ്റില്‍ ജില്ലയില്‍ 200 പേരുണ്ടെങ്കിലും ഒരാളെപ്പോലും നിയമിക്കാന്‍ സര്‍ക്കാരോ ആരോഗ്യവകുപ്പോ തയ്യാറാവുന്നില്ല.
പലയിടത്തും താല്‍കാലിക നഴ്‌സുമാരെ നിയമിച്ചാണ് ആശുപത്രികളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ജില്ലയായിട്ടും രോഗികള്‍ക്ക് മതിയായ പരിചരണം നല്‍കാനാവാത്ത സ്ഥിതിയാണുള്ളത്.
വിദഗ്ധ ചികില്‍സ നല്‍കേണ്ട ജില്ലാ, ജനറല്‍ ആശുപത്രികളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. നിലവില്‍ എഴുപതോളം നഴ്‌സുമാരുടെ ഒഴിവാണ് ഈ രണ്ട് ആശുപത്രികളിലുമായിട്ടുള്ളത്. നീലേശ്വരത്തും തൃക്കരിപ്പൂരിലുമുണ്ടായിരുന്ന സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ താലൂക്ക് ആശുപത്രിയാക്കിയെങ്കിലും ഇവയും പേരില്‍ ഒതുങ്ങിനില്‍ക്കുകയാണ്. ഇവിടങ്ങളിലും ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. താലൂക്ക്, ജനറല്‍ ആശുപത്രികളില്‍ കിടത്തിചികില്‍സക്കാവശ്യമായ കിടക്കകളുടെ എണ്ണം കൂട്ടുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല.
കാസര്‍കോട് താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും മുമ്പുണ്ടായിരുന്ന 212 കിടക്ക മാത്രമാണുള്ളത്. ജില്ലാ ആശുപത്രിയെ 400 കിടക്കയാക്കി ഉയര്‍ത്തിയെങ്കിലും പഴയ 234 കിടക്കയ്ക്ക് ആനുപാതികമായ നഴ്‌സുമാരുടെ തസ്തിക മാത്രമാണുള്ളത്.
ജില്ലാ ആശുപത്രിയില്‍ പുതുതായി ജെറിയാട്രിക്, പീഡിയാട്രിക്, ഐസിയു, എന്‍ഐസിയു, ട്രോമാകെയര്‍, ഡയാലിസിസ്, പാലിയേറ്റീവ് വിഭാഗങ്ങള്‍ വന്നെങ്കിലും ഇവയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ജീവനക്കാരുടെ തസ്തികപോലും പുതുതായി അനുവദിച്ചിട്ടില്ല. നിലവില്‍ ഷിഫ്റ്റ് ഡ്യൂട്ടിയുള്ള ആശുപത്രികളില്‍ രോഗി-നഴ്‌സ് അനുപാതം ഐസിയുവില്‍ 1:1, മറ്റു വിഭാഗങ്ങളില്‍ 4:1 എന്നിങ്ങനെയാണ്.
ഇത് ജില്ലയിലെ ഒരു ആശുപത്രിയിലും നടപ്പിലാക്കിയിട്ടില്ല. കാഷ്വാലിറ്റി, പ്രസവ മുറി, ശസ്ത്രക്രിയ തിയറ്റര്‍, ഇമ്യൂണൈസേഷന്‍ എന്നിവിടങ്ങളിലും നിലവിലുള്ള സ്റ്റാഫ് പാറ്റേണില്‍നിന്നാണ് നിയമനം നല്‍കുന്നത്. ഈ വിഭാഗത്തിലൊന്നും പുതിയ നിയമനം അനുവദിച്ചിട്ടില്ല.
Next Story

RELATED STORIES

Share it