നല്ല കോഴിക്കോട്ടുകാരനോ? ഹൃദയത്തിന്റെ അയല്‍ക്കാരനോ?

 

കോഴിക്കോട്: നല്ല കോഴിക്കോട്ടുകരനും ഹൃദയത്തിന്റെ അയല്‍ക്കാരനും വോട്ട് ചോദിച്ചാണ് സൗത്ത് മണ്ഡലത്തിലെ പ്രചാരണം. മന്ത്രിയും മുസ്്‌ലിംലീഗ് നേതാവുമായ ഡോ. എം കെ മുനീറാണ് നല്ല കോഴിക്കോട്ടുകാരന്‍. കോഴിക്കോട്ടുകാരനല്ലാത്തതുകൊണ്ടാവാം ഹൃദയത്തിന്റെ അയല്‍ക്കാരനായാണ് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി  പ്രഫ. എ പി അബ്ദുല്‍ വഹാബിനെ ഇടതുമുന്നണി പരിചയപ്പെടുത്തുന്നത്.

ഇരുമുന്നണികളും തമ്മില്‍ ശക്തമായ മല്‍സരം നടക്കുന്ന ഇവിടെ പ്രചാരണത്തില്‍ മുനീര്‍ ഏറെ മുന്നിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറി. ആലസ്യത്തില്‍ നിന്നുണര്‍ന്ന ഇടതുമുന്നണി ഐഎന്‍എല്‍ സ്ഥാനാര്‍ഥിക്കുവേണ്ടി ശക്തമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

നല്ല കോഴിക്കോട്ടുകാരന്‍ അത്രനല്ല കോഴിക്കോട്ടുകാരനല്ലെന്ന പ്രഖ്യാപനവുമായി മുനീറിനെതിരേ അദ്ദേഹം ചെയര്‍മാനായിരുന്ന ഇന്ത്യാ വിഷനിലെ ജീവനക്കാരന്‍ എ കെ സാജന്‍ രംഗത്തുവന്നിരുന്നെങ്കിലും തുടക്കത്തിലെ ശൂരത്വം പിന്നീട് കണ്ടില്ലെന്നാണ് മണ്ഡലത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ഇരുമുന്നണികളെയും മാറിമാറി പരീക്ഷിച്ച ചരിത്രമാണ് സൗത്തിന്റേത്. തുടക്കത്തില്‍ എതിരാളിയില്ലെന്ന വിധത്തിലായിരുന്നു ഐക്യമുന്നണിയുടെ പ്രചാരണം. വിയര്‍ക്കാതെതന്നെ വിജയിക്കാമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയതും ഐഎന്‍എലിന് സീറ്റ് നല്‍കിയതുമെല്ലാം ഈ പ്രതീക്ഷയ്ക്ക് ശക്തിപകരുകയും ചെയ്തു. എന്നാലിപ്പോള്‍ വിയര്‍ത്താലും വീണുപോവുമോയെന്ന ഭയത്തിലാണ് നല്ല കോഴിക്കോട്ടുകാരന്‍. കഴിഞ്ഞതവണ കന്നിക്കാരനായ മുസാഫര്‍ അഹമ്മദിനോട് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നതു മാത്രമല്ല; പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗത്തിന്റെ എതിര്‍പ്പും സ്ഥാനാര്‍ഥി ഐഎന്‍എലുകാരനായിട്ടും ഇടതുമുന്നണി കേന്ദ്രങ്ങള്‍ വമ്പിച്ച ആവേശത്തിലാണെന്നതും ഐക്യമുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മുനീര്‍ വോട്ട് തേടുന്നത്. പ്രകടനപത്രികയ്ക്ക് പകരം പ്രവര്‍ത്തനപത്രികതന്നെ മുനീര്‍ ഇറക്കിക്കഴിഞ്ഞു. പുലികളിയുള്‍പ്പെടെയുള്ള നഗരം കാണാത്ത പുതിയ പ്രചാരണ പ്രവര്‍ത്തനമാണ് ഇടതുമുന്നണി ഇതിനു പകരമായി കാഴ്ചവയ്ക്കുന്നത്. ചെല്ലുന്നിടത്തെല്ലാം തന്റെ ശിഷ്യഗണങ്ങളുണ്ടെന്നതും ആ ബന്ധം വോട്ടായി മാറുമെന്നുമുള്ള പ്രതീക്ഷയും വഹാബിന് കൂടുതല്‍ കരുത്തുപകരുന്നു. ഇരു സ്ഥാനാര്‍ഥികളും കുടുംബ യോഗങ്ങളിലും സജീവമാണ്. പൊതുവെ തിരഞ്ഞെടുപ്പില്‍ വിഷയമാവാതിരുന്ന പരിസ്ഥിതി സൗഹൃദത്തിന്റെ സന്ദേശംകൂടി നല്‍കി വഹാബ് നടത്തിയ കുടുംബസംഗമങ്ങള്‍ കല്ലായിപ്പുഴയുടെയും മറ്റും നാശം നേരില്‍ക്കണ്ട് വിലപിക്കുന്ന മണ്ഡലം നിവാസികള്‍ക്ക് ആവേശമായിമാറിയിട്ടുണ്ട്. വഹാബിനെതിരേ മുന്‍ സിമി നേതാവാണെന്ന പുതിയ പ്രചാരണമാണ് മുസ്്‌ലിംലീഗ്  നടത്തിക്കൊണ്ടിരിക്കുന്നത്. മുനീറിന്റെ നേതൃത്വത്തില്‍ ആര്‍എസ്എസുമായുണ്ടാക്കിയ ധാരണ മറച്ചുവയ്ക്കാനാണ് ഈ  പ്രചാരണം നടത്തുന്നതെന്ന് ഐഎന്‍എലും തിരിച്ചടിക്കുന്നു. ഇരുമുന്നണികളോടും കിടപിടിക്കുന്ന പ്രചാരണ പ്രവര്‍ത്തനവുമായി എസ്ഡിപിഐ- എസ്പി സ്ഥാനാര്‍ഥി ഡെയ്‌സി ബാലസുബ്രഹ്മണ്യവും തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാണ്. വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയാണ്. വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് പ്രചാരണത്തിലും ഡെയ്‌സി ഏറെ മുന്നിലാണ്. ബിഡിജെഎസ്സിലെ സതീഷ് കുറ്റിയിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it