palakkad local

നബീസ കൊലക്കേസ്: പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും

മണ്ണാര്‍ക്കാട്: തോട്ടരക്കടുത്ത ആര്യമ്പാവില്‍ നബീസ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കി. ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മണ്ണാര്‍ക്കാട് സി ഐ മുഹമ്മദ് ഹനീഫ അറിയിച്ചു. തോട്ടര ഈങ്ങാക്കോടന്‍ മമ്മിയുടെ ഭാര്യ നബീസ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ തോട്ടര പടിഞ്ഞാറേതില്‍ ബഷീര്‍ (33) ഭാര്യ ഫസീല (27) എന്നിവരെയാണ് കൂടുതല്‍ തെളിവെടുപ്പിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
കൊല്ലപ്പെട്ട നബീസയുടെ മകളുടെ മകനാണ് ബഷീര്‍. കഴിഞ്ഞ23ന് ആണ് ആര്യമ്പാവില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ നബീസയെ കണ്ടെത്തിയത്. സമീപത്തെ സഞ്ചിയില്‍ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. എഴുതാനറിയാത്ത നബീസയുടെ ഈ കത്താണ് കൊലപാതകമാണെന്ന നിഗമനത്തില്‍ പോലിസ് എത്തിച്ചേര്‍ന്നത്. കുടുംബ പ്രശ്‌നങ്ങള്‍ കത്തില്‍ ഉണ്ടായിരുന്നതിനാല്‍ കുടുംബക്കാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നബീസയുടെ മരണം പോലിസിലറിയിക്കാനും പോസ്റ്റ്മാര്‍ട്ടത്തിനും ബഷീറായിരുന്നു മുന്നില്‍ നിന്നത്.
ഭാര്യ ഫസീലയുടെ സ്വഭാവദൂഷ്യം നിമിത്തം കുടുംബവീട്ടില്‍ നിന്ന് ബഷീറിനെയും ഭാര്യയെയും പുറത്താക്കിയിരുന്നു. ഫസീല ചെയ്ത കുറ്റങ്ങളെല്ലം നബീസയാണ് ചെയ്തതെന്ന കത്തും ഉണ്ടാക്കി നിര്‍ബന്ധിച്ച് വായില്‍ ചിതലിനടിക്കണ മരുന്നൊഴിച്ച് കൊടുത്തു കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് രണ്ട് പേരും ചേര്‍ന്ന് മൃതദേഹവും കത്തും ആര്യമ്പാവില്‍ കൊണ്ടുപേക്ഷിക്കുകയായിരുന്നു. ബഷീര്‍ മരുന്ന് വാങ്ങിയ കടയിലും കഴിഞ്ഞ ദിവസം പോലിസ് അന്വേഷണം നടത്തിയിരുന്നു. ഫസീല ബഷീറിന്റെ പിതാവിന് വിഷം കൊടുത്തകേസ് ശ്രീകൃഷ്ണപുരം സ്റ്റേഷനില്‍ അന്വേഷണത്തിലാണ്. ചെറിയ അളവില്‍വിഷം ആയതിനാല്‍ അന്നു മരണം സംഭവിച്ചിരുന്നില്ല.
എസ്പി ഡോ. എ ശ്രീനിവാസന്റെ നിര്‍ദേശപ്രകാരം ഡിവൈ എസ്പി സുനീഷ് കുമാറിന്റെ നേതൃത്വത്തില്‍ സിഐ മുഹമ്മദ് ഹനീഫ, എസ്‌ഐ മുരളീധരന്‍, ഷിജു എബ്രാഹം, എ എസ് ഐമാരായ റോയ് ജോര്‍ജ്, അബ്ദുല്‍ സലാം, മണികണ്ഠന്‍, ബെന്നി, സതീഷ്, സിപിഒമാരായ ഷാഫി, ഫഹദ്, അഭിലാഷ്, നിത്യ, ഓമന എന്നിവരാണ് അന്വോഷണസംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it