നഗോര്‍ണോ കരാബാക്ക്: വീണ്ടും ഏറ്റുമുട്ടല്‍; സൈനികന്‍ കൊല്ലപ്പെട്ടു

ബാകു: നഗോര്‍ണോ കരാബാക്കില്‍ ആസര്‍ബൈജാന്‍- അര്‍മീനിയ സൈന്യങ്ങള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. അര്‍മീനിയ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതായും ആക്രമണത്തില്‍ തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും ആസര്‍ബൈജാന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ആസര്‍ബൈജാന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ അര്‍മീനിയന്‍ പക്ഷത്തും നാശനഷ്ടങ്ങളുണ്ടായതായി തുര്‍ക്കിയുടെ അനദൊലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ആസര്‍ബൈജാന്റെ നാതിഗ് താഹിരി എന്ന സൈനികനാണ് കൊല്ലപ്പെട്ടത്.

നഗോര്‍ണോ കരാബാഖില്‍ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് ആസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹം അലിയെവും അര്‍മീനിയ പ്രസിഡന്റ് സെര്‍സ് സര്‍ഗീസിയനും അംഗീകരിച്ചതിനു തൊട്ടു പിറകേയാണ് പുതിയ ഏറ്റുമുട്ടല്‍ റിപോര്‍ട്ട് ചെയ്തത്. യുഎസിന്റെയും റഷ്യയുടെയും ഫ്രാന്‍സിന്റെയും സംയുക്ത പ്രസ്താവനയുടെ അടിസ്ഥാനത്തിലായിരുന്നു ആസര്‍ബൈജാന്‍-അര്‍മീനിയ പ്രസിഡന്റുമാര്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ധാരണയിലെത്തിയത്. അതിര്‍ത്തിയിലെ സമാധാനശ്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായുള്ള ചര്‍ച്ചകള്‍ അടുത്തമാസം നടത്താമെന്ന് ഇരു നേതാക്കളും വിയന്നയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായിരുന്നു.
Next Story

RELATED STORIES

Share it