Kerala

ദേശീയഗാനം കേട്ട് എഴുന്നേറ്റില്ല; തിയേറ്റര്‍ ജീവനക്കാര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അപമാനിച്ചു

തിരുവനന്തപുരം: സിനിമാ തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. ദേശീയഗാനം കേള്‍ക്കെ എഴുന്നേറ്റില്ലെന്ന് ആരോപിച്ച് തിയേറ്റര്‍ ജീവനക്കാര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ വ്യാഴാഴ്ച രാത്രി 9.30ന്റെ പ്രദര്‍ശനത്തിനിടെയാണു സംഭവം. സിനിമ തുടങ്ങുന്നതിന് മുമ്പായി ദേശീയഗാനം അവതരിപ്പിച്ചു. സ്ത്രീകളുള്‍പ്പെടെ ചിലര്‍ എഴുന്നേറ്റില്ല. തുടര്‍ന്നെത്തിയ തിയേറ്റര്‍ ജീവനക്കാര്‍ ഇവരെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തൃശൂര്‍ സ്വദേശിയായ ജയ എന്ന സ്ത്രീക്കെതിരേയാണ് ആദ്യം ജീവനക്കാര്‍ തട്ടിക്കയറിയത്. ഇതോടെ തൊട്ടടുത്തിരുന്ന സ്വകാര്യ ചാനല്‍ ജീവനക്കാരിയായ വിതു വിന്‍സെന്റ്, സുഹൃത്തും നിയമ ഗവേഷകനുമായി ഉമേഷ് എന്നിവര്‍ ജീവനക്കാരോട് കാര്യം അന്വേഷിച്ചു. തങ്ങളും എണീറ്റു നിന്നില്ലെന്നും ഇത് ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് എന്താണ് അധികാരമെന്നും ചോദിച്ചതോടെ ഇവര്‍ക്കെതിരേയും ജീവനക്കാര്‍ അപമര്യാദയായി പെരുമാറി. ഇതോടെ ഉമേഷ് പോലിസിനെ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ പോലിസും എഴുന്നേറ്റാല്‍ പ്രശ്‌നമെന്തെന്ന ചോദ്യമാണ് ഉന്നയിച്ചത്. തിയേറ്ററുകളിലെ ദേശീയ ഗാനാലാപനം ഔദ്യോഗിക ആലാപനമല്ലാത്തതിനാല്‍ എഴുന്നേല്‍ക്കേണ്ട ആവശ്യമില്ലെന്നും ഈ മാസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഇതു വ്യക്തമാക്കുന്നുണ്ടെന്നും നിയമഗവേഷകനായ ഉമേഷ് പറഞ്ഞതോടെ പോലിസ് നിലപാടു മാറ്റി. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതി സ്വീകരിച്ച തമ്പാനൂര്‍ പോലിസ് നടപടിയെടുക്കാമെന്ന് അറിയിച്ചു. എന്നാല്‍, കേസില്‍ തുടര്‍നടപടിയൊന്നും ഉണ്ടായതായി അറിയില്ലെന്ന് ഉമേഷ് പറഞ്ഞു.
Next Story

RELATED STORIES

Share it