ദലിത് വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം; കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ ശരീരത്തില്‍ ചെറുതും വലുതുമായ 38 മുറിവുകളെന്ന് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ജിഷയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നും കൊലപാതകം നടന്നത് വൈകുന്നേരം മൂന്നിനും അഞ്ചിനുമിടയിലാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ജിഷ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ സൂചനയുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്ക് ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കൂടി പുറത്തുവരേണ്ടതുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഇതിനായി തിരുവനന്തപുരത്തുള്ള ഫോറന്‍സിക് ലാബിലേക്ക് ജിഷയുടെ ആന്തരികാവയങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം ഡെപ്യൂട്ടി പോലിസ് സര്‍ജന്‍ ഡോ. ലിസ ജോണിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. അഞ്ചു പേജുള്ള റിപോര്‍ട്ട് പോലിസിനു കൈമാറി. അതിക്രൂരമായ പീഡനങ്ങള്‍ക്ക് ജിഷ വിധേയയായതായും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പി ജി വിദ്യാര്‍ഥിനിയുടെ നേതൃത്വത്തിലായിരുന്നു ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നെങ്കിലും ആശുപത്രി അധികൃതര്‍ ഇതു നിഷേധിച്ചു. അതേസമയം ജിഷ കൊല്ലപ്പെട്ട മുറിയില്‍ നിന്ന് രണ്ടുപേരുടെ വിരലടയാളങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിനു ലഭിച്ചു. മുറിയിലുണ്ടായിരുന്ന കുപ്പിയിലാണ് ഒരു വിരലടയാളം പതിഞ്ഞത്. മുറിയിലെ സാധനങ്ങള്‍ ഇപ്പോഴും ശാസ്ത്രീയ പരിശോധനയ്ക്ക് പോലിസ് അയച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
Next Story

RELATED STORIES

Share it