തേക്കും തോക്കും ചരിത്രം പറയുന്ന നാട്ടില്‍ ഉശിരന്‍ പോര്

മുജീബ് പുള്ളിച്ചോല

മലപ്പുറം: തേക്കിന്റെയും തോക്കിന്റെയും ചരിത്രം പറയുന്ന മണ്ഡലമാണ് നിലമ്പൂര്‍. കേരള ചരിത്രത്തില്‍ ആദ്യമായും അവസാനമായും ഒരു നിയമസഭാ സാമാജികന്‍ വെടിയേറ്റു മരിച്ച ചരിത്രവും ഈ മലയോര മണ്ഡലത്തിന് പറയാനുണ്ട്.
സിപിഎമ്മിന്റെ സഖാവ് കുഞ്ഞാലി രക്തസാക്ഷിയായ മണ്ഡലം. സഖാവ് കുഞ്ഞാലിയിലൂടെ ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ച മണ്ഡലം കുഞ്ഞാലി യുഗത്തിനു ശേഷം എത്തിപ്പെട്ടത് വലതുപക്ഷത്തേക്ക്. എട്ടു തവണ നിയമസഭയിലേക്ക് ടിക്കറ്റ് വാങ്ങി നാലു തവണ മന്ത്രിക്കുപ്പായവും സ്വന്തമാക്കിയ ആര്യാടന്‍ മുഹമ്മദ് ഇക്കുറി പോര്‍ക്കളത്തിലില്ല. ആര്യാടന്‍ മുഹമ്മദെന്ന രാഷ്ട്രീയ തന്ത്രത്തിന്റെ ആശാനെ രൂപപ്പെടുത്തിയെടുത്ത മണ്ഡലത്തിന്റെ ബാറ്റണ്‍ സ്വന്തം മകന്‍ ആര്യാടന്‍ ഷൗക്കത്തിന് കൈമാറിയിരിക്കുകയാണ്.
ഇടതിനുവേണ്ടി പോരിനിറങ്ങുന്നത് മുന്‍ കോണ്‍ഗ്രസ്സുകാരനും അറിയപ്പെടുന്ന വ്യവസായിയുമായ പി വി അന്‍വറാണ്. എഐസിസി അംഗവും എടവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി വി ഷൗക്കത്തലിയുടെ മകനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ നിന്നു സ്വതന്ത്രനായി മല്‍സരിച്ച് രണ്ടാം സ്ഥാനം കൈപിടിലൊതുക്കിയ അന്‍വര്‍ ഇപ്രാവശ്യം ഇടതിന്റെ ബാനറില്‍ നിലമ്പൂരിലാണു പരീക്ഷണം നടത്തുന്നത്. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള ഈ മലയോര മേഖലയില്‍ അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ തുടക്കത്തില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങള്‍ കഴിയുമ്പോള്‍ മണ്ഡലത്തില്‍ അന്‍വര്‍ ശക്തമായ സ്വാധീനമാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്.
സിനിമ സംവിധായകനും നിലമ്പൂര്‍ മുന്‍ നഗരസഭാ ചെയര്‍മാനുമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ആര്യാടന്‍ ഷൗക്കത്ത്. മണ്ഡലത്തെ കുടുംബസ്വത്താക്കി മാറ്റിയിരിക്കുകയാണെന്ന ആരോപണം ആര്യാടന്‍മാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ സീറ്റ്പട്ടികയില്‍ അവസാനം വരെ സ്ഥാനം പിടിച്ചിരുന്ന കെപിസിസി സെക്രട്ടറി വി വി പ്രകാശിനെ വെട്ടിമാറ്റിയാണ് ആര്യാടന്‍ മുഹമ്മദ് മകന്‍ ഷൗക്കത്തിന് സീറ്റ് തരപ്പെടുത്തിയതെന്നാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം പരാതിപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുമ്പോഴും ഈ ആരോപണത്തിന് അറുതിവരുത്താന്‍ കോണ്‍ഗ്രസ്സിനാവുന്നില്ല. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം പ്രചാരണത്തിന് ഇറങ്ങാത്തതും പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്. ഈ വിവാദങ്ങള്‍ക്ക് പുറമെ വിവാദമായ നിലമ്പൂര്‍ രാധ വധക്കേസും ഷൗക്കത്തിനുമേലുള്ള സരിതയുടെ സോളാര്‍ ആരോപണവും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മണ്ഡലത്തിലെ ഇടതിന്റെ മുന്നേറ്റവും ഇടതുപാളയത്തിന് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.
അഞ്ചാം നിയമസഭ മുതല്‍ സാന്നിധ്യമുണ്ടായിരുന്ന ആര്യാടന്‍ മുഹമ്മദില്ലാത്ത മല്‍സരം മണ്ഡലം ഉറ്റുനോക്കുകയാണ്. 1996ല്‍ 6693 വോട്ടും, 2006ല്‍ 18070 വോട്ടും, 2011ല്‍ 5598 വോട്ടിന്റെയും ഭൂരിപക്ഷമാണ് ആര്യാടന്‍ മുഹമ്മദിനുണ്ടായിരുന്നത്. 1996ലും, 2011ലും തോമസ് മാത്യുവായിരുന്നു പ്രധാന എതിര്‍സ്ഥാനാര്‍ഥി. 11 തവണ മല്‍സരിച്ച ആര്യാടന്‍ എട്ട് തവണ വിജയിച്ചു. 65ലും 67ലും സഖാവ് കുഞ്ഞാലിയോടും 82ല്‍ ടി കെ ഹംസയോടും അടിയറവു പറഞ്ഞു. മണ്ഡലത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ അറിയുന്ന ആര്യാടന്‍ മുഹമ്മദ് തന്നെയാണ് മകനുവേണ്ടി പ്രചാരണത്തിന് തന്ത്രങ്ങള്‍ മെനയുന്നത്. ബിഡിജെഎസുമായി സഖ്യം ചേര്‍ന്നാണ് ബിജെപി ഇത്തവണ മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. എസ്എന്‍ഡിപി നിലമ്പൂര്‍ താലൂക്ക് യൂനിയന്‍ സെക്രട്ടറി ഗിരീഷ് മേക്കാട്ടാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. എസ്ഡിപിഐ-എസ്പി സഖ്യത്തിനുവേണ്ടി ബാബുമണി കരുവാരക്കുണ്ട് മല്‍സരിക്കുന്നു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ബാബുമണി പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ്. 1996ല്‍ നിയമസഭയിലേക്ക് മല്‍സരിച്ചിരുന്നു.
നിലമ്പൂര്‍ നഗരസഭയും വഴിക്കടവ്, എടക്കര, മൂത്തേടം, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയോജക മണ്ഡലം. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗരസഭയും, ഏഴ് പഞ്ചായത്തുകളും യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍, അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വഴിക്കടവ്, മൂത്തേടം കരുളായി എന്നീ മൂന്നു പഞ്ചായത്തുകളില്‍ ഇടതുപക്ഷം വിജയം കണ്ടു. മാറ്റത്തിന്റെ മുന്നോടിയാണ് ഈ വിജയമെന്നാണ് ഇടതിന്റെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it