kasaragod local

തെരുവ് കച്ചവടം: ജില്ലാതല വിവരശേഖരണത്തിന് തുടക്കം കുറിച്ചു

കാസര്‍കോട്: തെരുവ് കച്ചവടക്കാരെക്കുറിച്ചുള്ള വിവരശേഖരണത്തിന് തുടക്കം. തെരുവ് കച്ചവടക്കാരുടെ ക്ഷേമവും ജീവനോപാധികളും സംരക്ഷിക്കുന്നതിനായി സംസ്ഥാനതലത്തില്‍ എല്ലാ നഗരസഭകളിലും തെരുവ് കച്ചവടക്കാരുടെ സര്‍വേ നടത്തുകയാണ്. ദേശീയ നഗര ഉപജീവനമിഷന്റെ കീഴില്‍ നഗരകാര്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് വിവരശേഖരണം. ദേശീയ വഴിയോരകച്ചവട നിയമം 2014 പ്രകാരം വഴിയോരകച്ചവടക്കാരുടെ സ്ഥിതിവിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.
നഗരത്തിലെ സര്‍വേ നടത്തിയത് ശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റി പയ്യന്നൂര്‍ കാംപസിലെ എംഎസ്ഡബ്യു വിദ്യാര്‍ഥികളാണ്. തെരുവ് കച്ചവടവുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍, നഗരസഭ ചെയര്‍മാന്‍മാര്‍, തെരുവ് കച്ചവട പ്രതിനിധികള്‍ തുടങ്ങിയവരും നഗരതലത്തില്‍ ജില്ലാ കലക്ടറുടെ പ്രതിനിധിയും നഗരസഭസെക്രട്ടറിയും തെരുവ് കച്ചവട പ്രതിനിധികള്‍ തുടങ്ങിയവരും ഉള്‍പ്പെട്ട സമിതിയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തും. വൈസ് ചെയര്‍മാന്‍ എല്‍ എ മഹമൂദ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിസ്‌രിയ ഹമീദ്, എം നൈമുന്നീസ, സമീന മുജീബ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, നഗരസഭ റവന്യു ഓഫിസര്‍ കെ പി ദിനേശന്‍, ഷക്കീല മജീദ്, കെ പി രാജഗോപാല്‍ സംബന്ധിച്ചു. 170 തെരുവ് കച്ചവടക്കാരെയാണ് സര്‍വേയില്‍ കണ്ടെത്തിയത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുര്‍ജിത് കെ സോമന്‍, സി എം ബൈജു, നിധീഷ് എം ജോര്‍ജ്ജ്, അര്‍ച്ചനകുമാരി നേതൃത്വംനല്‍കി.
Next Story

RELATED STORIES

Share it