തിരഞ്ഞെടുപ്പില്‍ അഡ്വാനി വിഭാഗം വിട്ടുനിന്നു; അമിത്ഷാ വീണ്ടും ബിജെപി അധ്യക്ഷന്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന ബിജെപി ദേശീയസമിതി യോഗത്തില്‍ അമിത്ഷായെ പാര്‍ട്ടി അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തു. ഉപദേശക സമിതിയംഗങ്ങളായ എല്‍ കെ അഡ്വാനി, മുരളീമനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, ശാന്തകുമാര്‍, അരുണ്‍ ഷൂരി എന്നിവര്‍ വിട്ടുനിന്നു.
ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ ഏകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പെന്ന് റിട്ടേണിങ് ഓഫിസര്‍ അവിനാഷ് റായി ഖന്ന അറിയിച്ചു. 28ന് ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ അമിത്ഷാ ചുമതലയേല്‍ക്കും.
രാവിലെ 10 മുതല്‍ ഒരുമണിവരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. മോദി-അമിത്ഷാ വിരുദ്ധ നിരയിലെ പ്രമുഖനായ യശ്വന്ത് സിന്‍ഹ മല്‍സരിക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം യോഗത്തിനെത്തിയില്ല. എല്ലാ സംസ്ഥാനഘടകങ്ങളും പാര്‍ട്ടി മുഖ്യമന്ത്രിമാരും അമിത്ഷായെ പിന്തുണച്ചു. ആകെ ലഭിച്ച 70 സെറ്റ് പത്രികകളും ഷായ്ക്കു വേണ്ടിയായിരുന്നു. തുടര്‍ന്നാണ് ഫലം പ്രഖ്യാപിച്ചത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷനായിരുന്ന രാജ്‌നാഥ്‌സിങ് കേന്ദ്രമന്ത്രിസഭയില്‍ എത്തിയതോടെയാണ് പകരക്കാരനായി അമിത്ഷാ സ്ഥാനമേറ്റത്. ഗുജറാത്തില്‍ നരേന്ദ്രമോദി മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത ഷാ, ഇരുപതിലേറെ വ്യാജ ഏറ്റമുട്ടല്‍ കൊലപാതകക്കേസുകളില്‍ ആരോപണവിധേയനായിരുന്നു.
Next Story

RELATED STORIES

Share it