wayanad local

തിരച്ചില്‍ ഊര്‍ജിതമാക്കി വനംവകുപ്പ്: കെണിയിലാവാതെ കടുവ

സുല്‍ത്താന്‍ബത്തേരി: നാട്ടിലിറങ്ങി വന്യമൃഗങ്ങളെ കൊന്നുതിന്നുന്ന കടുവയെ ഇന്നലെയും പിടികൂടാനായില്ല. വള്ളുവാടി, ഒന്നാം മൈല്‍ തുടങ്ങിയ സ്ഥലങ്ങളിലായി കടുവ ഏഴ് വളര്‍ത്തു മൃഗങ്ങളെയാണ് ഇതിനകം കൊന്നത്. വള്ളുവാടി പുതുവീട് കോളനിയുടെ അടുത്തായാണ് കടുവ തങ്ങുന്നത്. ചൊവ്വാഴ്ച ഉണ്ടായിരുന്ന അതേ സ്ഥലത്തു തന്നെ കടുവ ഇന്നലെയും ഉണ്ടായിരുന്നു.
ചൊവ്വാഴ്ച വെടിവച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇരയായി കെട്ടിയ പശുവിനെ കടുവ കൊന്നു. മറ്റൊരിരയെ ഇന്നലെ കെട്ടിയിട്ട് മയക്കുവെടി വെക്കാനായി എല്ലാ സജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ കടുവ കാടിനു പുറത്തേക്ക് വരാത്തതിനാല്‍ മയക്കുവെടിവയ്ക്കാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാത്രിയും പുതുവീട് കോളനിവാസികളില്‍ ചിലര്‍ കടുവയെ കണ്ടതായി പറയുന്നു. 100ഓളം വനപാലകര്‍ കടുവയുള്ള സ്ഥലം വളഞ്ഞുവെങ്കിലും കൊടും വനത്തില്‍ നിന്നു പുറത്തേക്കിറങ്ങാത്തതാണ് തടസ്സമായത്.
വളര്‍ത്തു മൃഗങ്ങളെ കൊന്നുതിന്നുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് കടുവയെ മയക്കുവെടി വച്ച് പിടിക്കാന്‍ വനം വകുപ്പധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഏറുമാടം കെട്ടി കടുവയെ നിരീക്ഷിക്കുന്നുമുണ്ട്.
ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന് തന്നെ കടുവ താവളമുറപ്പിക്കുന്നതിനാല്‍ ജനങ്ങളും ഭീതിയിലാണ്. നിരവധി വളര്‍ത്തു മൃഗങ്ങളെ കൊന്നുവെങ്കിലും ഇതുവരെയും മനുഷ്യനെ ആക്രമിച്ചിട്ടില്ല. കടുവയെ പിടിക്കാനായി തമിഴ് നാട്ടില്‍ നിന്നു എത്തിച്ച ഫൈബര്‍ കൂടും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.
ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രമോദ് ജി കൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ധനേഷ് കുമാര്‍, റേഞ്ച് ഓഫിസര്‍മാരായ അജിത് കെ രാമന്‍, ഹീരലാല്‍, കൃഷ്ണദാസ്, എ കെ ഗോപാലന്‍, ഡോ. ജിജിമോന്‍, ജയകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കടുവയെ മയക്കുവെടി വെച്ച് പടികൂടാന്‍ ഊര്‍ജിത ശ്രമം നടക്കുന്നത്.
Next Story

RELATED STORIES

Share it