malappuram local

തവനൂര്‍ മണ്ഡലം: പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിപ്പിക്കണമെന്ന് സിപിഎം പ്രവര്‍ത്തകരും നേതാക്കളും

എടപ്പാള്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടി നേതാവിനെ ഔദ്യോഗിക ചിഹ്നത്തില്‍ മല്‍സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും രംഗത്ത്. മാസങ്ങള്‍ക്കുമുമ്പ് ഈ ആവശ്യമുന്നയിച്ച് ഒരുവിഭാഗം ഏരിയാ നേതാക്കള്‍ ജില്ലാ കമ്മിറ്റിക്കു കത്ത് നല്‍കിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഏരിയാ നേതാക്കള്‍ക്കു പിന്തുണയുമായി രംഗത്തുവന്നിട്ടുള്ളത്.
നിലവിലെ എംഎല്‍എ കെ ടി ജലീലിനെ തന്നെ വീണ്ടും തവനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിപ്പിക്കാനുള്ള നീക്കം സംസ്ഥാന തലത്തില്‍ തന്നെ നടന്നുവരുന്നതിനിടെയാണു മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഗ്രാമപ്പഞ്ചായത്തുകളിലെ പ്രവര്‍ത്തകരില്‍ നിന്നും ഇത്തരമൊരു നീക്കം നടന്നു വരുന്നത്.
കഴിഞ്ഞ തവണ ആറായിരത്തില്‍പരം വോട്ടുകള്‍ക്കാണു കെ ടി ജലീല്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഒന്നൊഴികെയുള്ള മുഴുവന്‍ പഞ്ചായത്തുകളിലും എല്‍ഡിഎഫ് അധികാരത്തില്‍ വരിക കൂടി ചെയ്ത അനുകൂല സാഹചര്യത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവിനെ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിപ്പിക്കാന്‍ പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കാമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ഇടത് എംഎല്‍എ എന്ന നിലയില്‍ കെ ടി ജലീലിന്റെ പല പ്രവര്‍ത്തനങ്ങളോടും തങ്ങള്‍ക്ക് യോജിക്കാനാവില്ലെന്ന നേരത്തെ തന്നെ പാര്‍ട്ടി കമ്മിറ്റികളിലും സമ്മേളനങ്ങളിലും പ്രവര്‍ത്തകരുടെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇനിയും അത്തരമൊരു അവസ്ഥക്കിടവരുത്തരുതെന്നാണ് ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ തവനൂരിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുതിര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ജ്യോതിഭാസിന്റെ പേര് ഉയര്‍ന്നുവന്നതാണ്. ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലുണ്ടായിട്ടും പിന്നീട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് ജലീലിന്റെ സ്ഥാനാര്‍ഥിത്വം തീരുമാനമായത്. ഗ്രാമപ്പഞ്ചായത്തംഗവും ജില്ലാപഞ്ചായത്തംഗവുമായി നല്ല നിലയില്‍ പ്രവര്‍ത്തിച്ച പാരമ്പര്യവും നാട്ടുകാരനെന്ന പരിഗണനയും ജ്യോതിഭാസിന്റെ വിജയം അനായാസമാക്കുമെന്നാണ് ജലീല്‍ വിരുദ്ധരുടെ കണക്കുകൂട്ടല്‍. എന്നാല്‍ തവനൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ രാജ്യസഭാംഗവുമായിരുന്ന എ വിജയരാഘവനെ മല്‍സരിപ്പിക്കണമെന്ന ആവശ്യവ ും ജില്ലാ കമ്മിറ്റിയില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ടെന്നാണറിയുന്നത്.
ലോകസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്നും പരാജയപ്പെട്ട വിജയരാഘവന് വിജയം ഉറപ്പായ ഒരു നിയമസഭാ സീറ്റ് മല്‍സരിക്കാന്‍ നല്‍കണമെന്ന അഭിപ്രായവും ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണറിയുന്നത്. ജില്ലയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ കൈയിലുള്ള തവനൂരും പൊന്നാനിയും നിലനിര്‍ത്തുന്നതോടൊപ്പം പെരിന്തല്‍മണ്ണ, മങ്കട, തിരൂര്‍, താനൂര്‍ സീറ്റുകള്‍ കൂടി പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് പാര്‍ട്ടി കൈക്കൊള്ളുകയെന്നും സ്ഥാനാര്‍ഥി നിര്‍ണയ കാര്യത്തില്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന കമ്മിറ്റിയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ മാത്രമേ കഴിയൂവെന്നും അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേതായിരിക്കുമെന്നുമാണ് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് പറഞ്ഞത്.
സ്ഥാനാര്‍ഥി നിര്‍ണയവുമായ ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി രംഗത്തുവരുന്നതാണ് പാര്‍ട്ടി പാരമ്പര്യമെന്നും ജില്ലാ കമ്മിറ്റി നേതാവ് പറഞ്ഞു.
Next Story

RELATED STORIES

Share it