ernakulam local

തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് : പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍; പ്രതീക്ഷയോടെ സ്ഥാനാര്‍ഥികള്‍

കൊച്ചി: തിരഞ്ഞെടുപ്പിന് 10 ദിവസം മാത്രം അവശേഷിക്കേ തിരക്കിട്ട പ്രചാരണത്തിലാണ് സ്ഥാനാര്‍ഥികള്‍. പ്രചാരണം അന്ത്യഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ മുന്നണി വ്യത്യാസമില്ലാതെ സ്ഥാനാര്‍ഥികള്‍ പ്രതീക്ഷയില്‍ തന്നെയാണ്. സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും ഉള്‍പ്പെടെയുള്ള തര്‍ക്കങ്ങള്‍ പറഞ്ഞൊതുക്കി ഒരുമയോടെയാണ് തങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുന്നണി നേതൃത്വങ്ങള്‍ അവകാശപ്പെടുമ്പോഴും മിക്ക വാര്‍ഡുകളിലും റിബലുകള്‍ ശക്തമായ ഭീഷണിയാണ് ഉയര്‍ത്തിയിട്ടുള്ളത്.
യുഡിഎഫിനാണ് ഏറ്റുവുമധികം റിബല്‍ ഭീഷണിയുള്ളത്. അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പ്രചാരണം കൊഴുപ്പിക്കാന്‍ വിവിധ മുന്നണികളുടെ നേതാക്കള്‍ ഈ ആഴ്ച്ചയില്‍ ജില്ലയിലെത്തും. രണ്ട് ദിവസമായി ജില്ലയില്‍ പര്യടനം നടത്തുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവേശത്തിലാണ് എല്‍ഡിഎഫ് ക്യാംപ്. തിരഞ്ഞെടുപ്പിന്റെ ആരംഭം മുതല്‍ കെട്ടുറപ്പോടെ നിന്ന എല്‍ഡിഎഫ് പാളയം വിഎസിന്റെ വരവോടെ ആവേശത്തിരയിലാണ്.
പാര്‍ട്ടിയുടെ ശ്രദ്ധാകേന്ദ്രങ്ങളിലാണ് വിഎസ് പര്യടനം നടത്തിയത്. 31ന് പിണറായി വിജയന്‍ കൂടി ജില്ലയിലെത്തും. കൊച്ചി കോര്‍പറേഷന്റെ നിര്‍ണായക വാര്‍ഡുകള്‍ അടങ്ങുന്ന ഫോര്‍ട്ട്‌കൊച്ചി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ പിണറായി വിജയന്‍ സംസാരിക്കും. വിഭാഗീയത ഉടലെടുക്കാന്‍ സാധ്യത നല്‍കാതെയാണ് വിഎസിന്റെയും പിണറായിയുടെയും സന്ദര്‍ശനം സിപിഎം ജില്ലാ നേതൃത്വം ക്രമീകരിച്ചിരിക്കുന്നത്. വിഭാഗീയത രൂക്ഷമായ കോതമംഗലം, വാരപ്പെട്ടി മേഖലകളില്‍ അതി ജാഗ്രതയോടെയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടല്‍.
ബിജെപി- എസ്എന്‍ഡിപി സഖ്യത്തിലേക്കുള്ള വോട്ടിന്റെ ഒഴുക്കു തടയുകയാണ് ലക്ഷ്യം. വാര്‍ഡുതല പ്രവര്‍ത്തനങ്ങളിലാണ് ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധ. യുഡിഎഫിനായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേ മല്‍സരിക്കുന്ന റിബലുകള്‍ക്ക് ശക്തമായ താക്കീത് നല്‍കാനും സുധീരന്‍ മറന്നില്ല. മന്ത്രി രമേശ് ചെന്നിത്തല യുഡിഎഫ് ക്യാംപില്‍ ആവേശം നിറക്കാന്‍ നാളെ ജില്ലയില്‍ എത്തുന്നുണ്ട്. 31ന് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ കെ ആന്റണി ജില്ലയില്‍ പര്യടനം നടത്തും. നവംബര്‍ ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജില്ലയിലെത്തും.
ബിജെപിയുടെ കേന്ദ്രനേതാക്കളും ഇന്നു മുതല്‍ ജില്ലയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. എസ്എന്‍ഡിപിയുമായി ബിജെപി സഖ്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം വിജയിക്കുമെന്ന കാര്യത്തില്‍ ബിജെപിക്ക് ആശങ്കയുണ്ട്. എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ പല ഭാരവാഹികളും മറ്റും കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നേതൃസ്ഥാനം വഹിക്കുന്ന സാഹചര്യത്തില്‍ കൂട്ടുകെട്ട് എത്രത്തോളം വിജയകരമാവുമെന്ന കാര്യത്തില്‍ ബിജെപി ആശങ്കയിലാണ്.
യുഡിഎഫും എല്‍ഡിഎഫും വിജയപ്രതീക്ഷ പുലര്‍ത്തുമ്പോള്‍ ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി എസ്ഡിപിഐ അടക്കമുള്ള മറ്റു പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്. പലയിടത്തും എസ്ഡിപിഐ അടക്കമുള്ള മറ്റുപാര്‍ട്ടികള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് എല്‍ഡിഎഫും യുഡിഎഫും രഹസ്യമായി സമ്മതിക്കുന്നുണ്ട്. ചില വാര്‍ഡുകളില്‍ ശക്തമായ മല്‍സരമാണ് നടക്കുന്നത്.
Next Story

RELATED STORIES

Share it