kannur local

തദ്ദേശ തിരഞ്ഞെടുപ്പ് ; കണ്ണൂര്‍ പോലിസ് വലയത്തില്‍

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ ജില്ല പോലിസ് വലയത്തിലായി. സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴു ജില്ലകളില്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷബാധിത ബൂത്തുകളുള്ള ജില്ലയില്‍ 410 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നൂറോളം ബൂത്തുകള്‍ കൈയേറാന്‍ സാധ്യതയുണ്ടെന്നു കഴിഞ്ഞ ദിവസം നടന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തിയിരുന്നു.
തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ആകെ 8,000 പോലിസുകാരെയാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കര്‍ണാടക സ്‌പെഷ്യല്‍ ആംഡ് റിസര്‍വ് സേനയുടെ അഞ്ചുകമ്പനികള്‍ ഉള്‍പ്പെടെയാണിത്. കേന്ദ്രസേനയുടെ സേവനം ലഭ്യമാവാത്തതിനാല്‍ ഇതര സംസ്ഥാന പോലിസിനെയാണു ഉപയോഗിക്കുന്നത്. ലഹള അടിച്ചമര്‍ത്താന്‍ വിന്യസിക്കുന്ന കര്‍ണാടക സേനയുടെ അഞ്ചു കമ്പനികളില്‍നിന്നായി അഞ്ഞൂറോളം അംഗങ്ങള്‍ ജില്ലയിലുണ്ടാവും. 10 കമ്പനി കര്‍ണാടക സേനയാണ് കേരളത്തിലെത്തുന്നത്. എംഎസ്പിയും സായുധസേനാ യൂനിറ്റുകളുമടക്കം മറ്റു ജില്ലകളില്‍നിന്നുള്ള 5500 പോലിസുകാരെയും കണ്ണൂരില്‍ വിന്യസിക്കും.
ജില്ലയിലെ 2,000 പോലിസുകാര്‍ക്ക് പുറമെയാണിത്. ആയിരത്തോളം വിമുക്തഭടന്‍മാരും ബൂത്തുകളിലുണ്ടാവും. എന്‍സിസിയുടെ സേവനവും പ്രയോജനപ്പെടുത്തും. അക്രമം അടിച്ചമര്‍ത്താന്‍ ജില്ലാ പോലിസ് മേധാവി സ്വീകരിക്കുന്ന നടപടികള്‍ക്ക് ഡിജിപിയുടെ പൂര്‍ണ പിന്തുണയുണ്ട്. കലാശക്കൊട്ട് കാര്യമായ അനിഷ്ട സംഭവങ്ങളില്ലാതെ പിരിഞ്ഞതിനാല്‍ വോട്ടെടുപ്പും ക്രമസമാധാനപ്രശ്‌നമില്ലാതെ നടത്താനുള്ള തീവ്രശ്രമത്തിലാണു പോലിസ്.
കൂത്തുപറമ്പില്‍ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 750 പോലിസുകാരെ നിയോഗിച്ചു. ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍, കര്‍ണാടക പോലിസ്, തൃശൂരില്‍നിന്നുള്ള പോലിസ്, എആര്‍ ക്യാംപില്‍നിന്നും കെഎപിയില്‍ നിന്നുമുള്ള പോലിസ് എന്നിങ്ങനെയാണ് വിന്യസിച്ചിട്ടുള്ളത്.
എആര്‍ ക്യാംപ് അസി. കമ്മാണ്ടന്റ് ഉണ്ണിക്കൃഷ്ണന്‍, തലശ്ശേരി ഡിവൈഎസ്പി സാജുപോള്‍, കൂത്തുപറമ്പ് സിഐ കെ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ന്നാഹം. തൊക്കിലങ്ങാടിയില്‍ നിന്ന് കൂത്തുപറമ്പ് ടൗണിലേക്ക് പോലിസ് റൂട്ട് മാര്‍ച്ച് നടത്തി.
Next Story

RELATED STORIES

Share it