Sports

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വധം; എട്ട് ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പെരിങ്ങമ്മല ജവഹര്‍ കോളനി യൂനിറ്റ് പ്രസിഡന്റും സിപിഎം ജവഹര്‍ കോളനി ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ദില്‍ഷാദിനെ (23) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജീവപര്യന്തം കഠിനതടവു വിധിച്ചു. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ പി ഇന്ദിരയാണ് ശിക്ഷ വിധിച്ചത്.
കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ കൊലപാതകമാണിതെന്ന് കോടതി വിധിപ്രസ്താവത്തില്‍ പറഞ്ഞു. കേസിലെ ഒന്നാംപ്രതി പാങ്ങോട് ജവഹര്‍ കോളനി ബ്ലോക്ക് നമ്പര്‍- 32ാം വീട്ടില്‍ ഗൗതകുമാര്‍, രണ്ടാംപ്രതി ജവഹര്‍കോളനി ബ്ലോക്ക് നമ്പര്‍-18 സിന്ധുഭവനില്‍ ഗോപകുമാര്‍, മൂന്നാംപ്രതി ജവഹര്‍ കോളനി പിപി13/53ല്‍ സുമേഷ്, നാലാംപ്രതി ലക്ഷംവീട് കോളനി 52ാം നമ്പര്‍ വീട്ടില്‍ കുഞ്ഞുമോന്‍ എന്ന സുനില്‍കുമാര്‍, ആറാംപ്രതി പാലോട് രജിതാ ഭവനില്‍ ഗിരീഷ് കുമാര്‍, ഒമ്പതാംപ്രതി ജവഹര്‍കോളനി പിപി 13/52ല്‍ സുധീഷ്, 10ാം പ്രതി ജവഹര്‍കോളനി ടിബിജിആര്‍ഐ ജങ്ഷന്‍ ബ്ലോക്ക് നമ്പര്‍ 21ല്‍ റിനീഷ്‌കുമാര്‍, 11ാം പ്രതി സേനാനിപുരം ബ്ലോക്ക് നമ്പര്‍-28ല്‍ ബിജു എന്നിവര്‍ക്കാണ് ജീവപര്യന്തവും 4.95 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്.
കൊലപാതകം, ഗൂഢാലോചന, സംഘംചേരല്‍, മാരകായുധം കൈവശംവയ്ക്കല്‍ തുടങ്ങിയ കേസുകള്‍ക്ക് വെവ്വേറെ ശിക്ഷ അനുഭവിക്കണം. ജീവപര്യന്തം കഠിനതടവും 4.95 ലക്ഷം രൂപയും കൊലപാതകക്കേസില്‍ മാത്രമാണ്. മറ്റു കേസുകളില്‍ ഒരുവര്‍ഷം തടവും കോടതി ശിക്ഷിച്ചു. 3.95 ലക്ഷം രൂപ ദില്‍ഷാദിന്റെ മാതാവിനും ഒരുലക്ഷം രൂപ പരിക്കേറ്റ ഷിബുവിനും നല്‍കണം. തുക നല്‍കിയില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി ശിക്ഷ അനുഭവിക്കണം. 16 പ്രതികളെയാണ് കേസില്‍ പോലിസ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചു. ബാക്കി ഏഴുപേരെ വിവിധ കാലയളവില്‍ കോസില്‍നിന്ന് ഒഴിവാക്കി.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ദില്‍ഷാദിനെ 2004 ജൂലൈ 18ന് രാത്രിയാണ് ആര്‍എസ്എസ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ ജവഹര്‍ കോളനി യൂനിറ്റ് സെക്രട്ടറി ഷിബു(21)വിനും മാരകമായി പരിക്കേറ്റിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മുരുക്കുംപുഴ എസ് വിജയകുമാരന്‍നായര്‍, അഭിഭാഷകരായ കെ എസ് സുനില്‍, സൂരജ്‌നായര്‍, അനുരൂപ് ദേവരാജന്‍, സമ്പത്ത് വി ടോം ഹാജരായി. പാലോട് സിഐമാരായ ശ്യാമപ്രസാദ്, നന്ദനന്‍പിള്ള, റഫീഖ് എന്നിവരാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
Next Story

RELATED STORIES

Share it