ടി എന്‍ ഗോപകുമാര്‍ ഇനി ഓര്‍മ

തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി എന്‍ ഗോപകുമാര്‍ (58) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 3.50ഓടെയായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് രണ്ടുവര്‍ഷമായി ചികില്‍സയിലായിരുന്നു. വിശ്രമത്തിനുശേഷം വീണ്ടും കര്‍മനിരതനായിരിക്കെ അപ്രതീക്ഷിതമായായിരുന്നു മരണം. മൃതദേഹം വൈകീട്ട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പരേതന്റെ വസതിയിലെത്തി. ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തും പ്രസ്‌ക്ലബിലും നടന്ന പൊതുദര്‍ശനത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസ്സിലൂടെ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ടി എന്‍ ഗോപകുമാര്‍ പിന്നീട് മാതൃഭൂമി, ന്യൂസ് ടൈം, ഇന്‍ഡിപെന്‍ഡന്റ്, ഇന്ത്യാ ടുഡേ, സ്‌റ്റേറ്റ്‌സ്മാന്‍ എന്നീ ദിനപത്രങ്ങളിലും ബിബിസി റേഡിയോയിലും പ്രവര്‍ത്തിച്ചശേഷമാണ് ഏഷ്യാനെറ്റ് ന്യൂസില്‍ എത്തുന്നത്. ചാനലിന്റെ തുടക്കം മുതല്‍ ഗോപകുമാര്‍ അവതരിപ്പിച്ച പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടിയായ കണ്ണാടി ഇന്ത്യന്‍ ടെലിവിഷന്‍രംഗത്ത് ചരിത്രം സൃഷ്ടിച്ചു. 20 വര്‍ഷമായി തുടരുന്ന കണ്ണാടി അശരണര്‍ക്ക് ആശ്രയമായിരുന്നു.
ശുചീന്ദ്രം ക്ഷേത്രത്തിലെ സ്ഥാനികനും വേദപണ്ഡിതനുമായിരുന്ന വട്ടപ്പള്ളിമഠം നീലകണ്ഠശര്‍മയുടെയും തങ്കമ്മയുടെയും മകനായി 1957ല്‍ ആണ് ജനനം. ശുചീന്ദ്രത്തെയും നാഗര്‍കോവിലിലെയും വിദ്യാഭ്യാസത്തിനുശേഷം കേരള സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. ചെറുകഥ, നോവല്‍, യാത്രാവിവരണം, അനുഭവക്കുറിപ്പുകള്‍, രാഷ്ട്രീയ വിശകലനങ്ങള്‍ എന്നിവയുള്‍പ്പെടെ പതിനഞ്ചോളം കൃതികള്‍ രചിച്ചു. ദില്ലി, പയണം, മുനമ്പ്, ശൂദ്രന്‍, കൂടാരം, ശുചീന്ദ്രം രേഖകള്‍, വോള്‍ഗാ തരംഗങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
ഏറ്റവുമവസാനം എഴുതിയ പാലും പഴവും എന്ന നോവല്‍ മാധ്യമം ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുകയാണ്. വേരുകള്‍ എന്ന ടെലിവിഷന്‍ പരമ്പരയും ആരോഗ്യനികേതനം എന്ന നോവലിനെ ആസ്പദമാക്കി ജീവന്‍മശായ് എന്ന ചലച്ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡും ടോക്യോ ഏഷ്യന്‍ ജേണലിസം അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. ഹെദര്‍ ഗോപകുമാര്‍ ആണ് ഭാര്യ. ഗായത്രി, കാവേരി എന്നിവര്‍ മക്കളാണ്.
Next Story

RELATED STORIES

Share it