Kottayam Local

ടിആര്‍ ആന്റ് ടീ എസ്‌റ്റേറ്റിലെ ഭൂമി കൈയേറ്റം: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

മുണ്ടക്കയം: ടിആര്‍ആന്റ്ടീ എസ്‌റ്റേറ്റിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി തോട്ടം ഏറ്റെടുക്കല്‍ സമര സമിതി ഭാരവാഹികള്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരും സമര സമിതി ഭാരവാഹികളുമായ പ്രഫ.റോണി കെ ബേബി, സോമന്‍ വടക്കേക്കര എന്നിവരില്‍ നിന്നും തെളിവെടുപ്പ് നടത്തി. മനുഷ്യാവകാശകമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
തോട്ടങ്ങളുടെ ഉടമസ്ഥാവകാശം അന്വേഷിക്കണമെന്നും നിയമവിരുദ്ധമായവ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. സംസ്ഥാനത്തെ മറ്റ് 32 കമ്പനികള്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് വ്യക്തമാക്കി ടിആര്‍ആന്റ്ടീ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെതിരെ തോട്ടം ഏറ്റെടുക്കല്‍ സമരസമിതി പെരുവന്താനം പോലിസിലും, തൊടുപുഴ സെക്ഷന്‍സ് കോടതിയിലും കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണങ്ങളാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്.
അനധികൃതമായി കൈയേറിയിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിത കേരളം പദ്ധതിയില്‍ വിതരണം ചെയ്യണമെന്നാവശ്യപെട്ട് മുഖ്യ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലും നടപടികള്‍ ആരംഭിച്ചു.
മുഖ്യ മന്ത്രിയുടെ നിര്‍ദേശ പ്രകാരം റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇതിനായി ചുമതലപെടുത്തി.
Next Story

RELATED STORIES

Share it