ജോലി നഷ്ടപ്പെട്ടതായി ഒരുപരാതി മാത്രമാണ് ലഭിച്ചത്: കെ ബാബു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതായി സര്‍ക്കാരിന് ഒരു തൊഴിലാളിയുടെ പരാതി മാത്രമാണ് ലഭിച്ചതെന്ന് മന്ത്രി കെ ബാബു. ബാര്‍ പൂട്ടിയതിനെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ഒരു തൊഴിലാളി ഫോണില്‍ വിളിച്ചാണ് പരാതി പറഞ്ഞതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മദ്യവ്യവസായ ക്ഷേമനിധിയിലും ഇപിഎഫിലും രജിസ്റ്റര്‍ ചെയ്തവരെയാണ് അംഗീകൃത തൊഴിലാളികളായി കണക്കാക്കിയിരിക്കുന്നത്. 10,000 തൊഴിലാളികള്‍ മാത്രമാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അംഗീകൃത തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്ത് പുനരധിവാസം ഉറപ്പാക്കും. ബാക്കിയുള്ളവരെ പരിഗണിക്കുന്നതിന് സര്‍ക്കാരിന് കൃത്യമായ മാനദണ്ഡമില്ല. ഇതുമൂലം പലര്‍ക്കും പുനരധിവാസം ഉറപ്പാക്കാന്‍ തടസ്സമുണ്ട്. തൊഴിലാളികള്‍ക്ക് തുടര്‍ന്നും ജോലി നല്‍കണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
ഒഡീഷയില്‍ നിന്നുള്ള കഞ്ചാവ് കടത്ത് തടയുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒഡീഷ സര്‍ക്കാരിന് മുഖ്യമന്ത്രി കത്തയക്കും. ഒഡീഷയില്‍ കഞ്ചാവ് കടത്തുകേസില്‍ ഇടുക്കി സ്വദേശികള്‍ പിടിയിലായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി അട്ടപ്പാടിയില്‍ എക്‌സൈസ് വകുപ്പ് ആരംഭിച്ച ജനമൈത്രി എക്‌സൈസ് യൂനിറ്റ് മാതൃകയില്‍ വയനാട്ടിലും എക്‌സൈസ് യൂനിറ്റാരംഭിക്കുന്നതിനുള്ള ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. ഇവിടെ 25 ആദിവാസികളെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it