ജെഎന്‍യു പ്രവേശനപ്പരീക്ഷ; ഒബിസി വിദ്യാര്‍ഥികള്‍ക്ക് ഇളവില്ല

ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എംഫില്‍, പിഎച്ച്ഡി കോഴ്‌സുകളിലെ പ്രവേശനപ്പരീക്ഷയ്ക്ക് മറ്റു പിന്നാക്ക വിഭാഗത്തില്‍(ഒബിസി)പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കേണ്ടതില്ലെന്നു തീരുമാനം. കഴിഞ്ഞയാഴ്ച ചേര്‍ന്ന സര്‍വകലാശാലാ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിലാണ് പിന്നാക്ക വിദ്യാര്‍ഥികള്‍ക്കു തിരിച്ചടിയായ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ പരിഗണിക്കുമ്പോള്‍ അഞ്ച് മാര്‍ക്ക് ഇളവനുവദിക്കും. നിരവധി സ്‌കൂളുകളിലെ ഡീനുകള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.
നിലവില്‍ കോഴ്‌സ് പ്രവേശനവേളയില്‍ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഒബിസി-ജനറല്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തുല്യ പരിഗണനയാണ് ജെഎന്‍യു നല്‍കുന്നത്. ഇവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് വേണം. എസ്‌സി/ എസ്ടി വിദ്യാര്‍ഥികള്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 34 ശതമാനം മാര്‍ക്ക് മതി. എന്നാല്‍, പ്രവേശനപ്പരീക്ഷയിലും അഭിമുഖത്തിലും ഒബിസിക്കാര്‍ക്ക് 10 ശതമാനം മാര്‍ക്ക് ഇളവ് അനുവദിക്കാറുണ്ട്. അതായത് ജനറല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 40 മാര്‍ക്ക് വേണ്ടിടത്ത് ഒബിസിക്കാര്‍ക്ക് 36 മാര്‍ക്ക് മതി.
യോഗ്യതാ പരീക്ഷയിലും പ്രവേശനപ്പരീക്ഷയിലും ഇളവ് അനുവദിക്കണമെന്ന് ഒബിസി വിദ്യാര്‍ഥികള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നു. കഴിഞ്ഞവര്‍ഷം വിഷയം കോടതിയിലുമെത്തി. പ്രവേശനത്തിന്റെ രണ്ട് ഘട്ടത്തിലും ഇളവനുവദിക്കാനാവില്ലെന്നും യോഗ്യതയില്‍ ഇളവു നല്‍കുമെങ്കിലും പ്രവേശനപ്പരീക്ഷയിലും അഭിമുഖത്തിലും ഒബിസിക്കാര്‍ ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളുമായി മല്‍സരിക്കണമെന്നാണു തീരുമാനം.
ഒബിസി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാല്‍ ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it