ജെഎന്‍യു നല്‍കുന്ന സന്ദേശം

അഹ്മദ് ശരീഫ് പി

മുമ്പ് നാലഞ്ചു തവണ ജെഎന്‍യു കാംപസില്‍ പോയപ്പോഴൊന്നും ഉണ്ടാവാത്ത ഒരു വ്യത്യാസം ഇത്തവണ. ഓട്ടോറിക്ഷക്കാര്‍ക്കൊന്നും ജെഎന്‍യുവിലേക്കുള്ള വഴി അറിയില്ല. ഇരട്ടി ചാര്‍ജ് കൊടുക്കാമെന്നു വാഗ്ദാനം ചെയ്തപ്പോഴാണ് കൊണോട്ട്‌പ്ലേസില്‍നിന്ന് ഒരു ഓട്ടോറിക്ഷക്കാരന്‍ യൂനിവേഴ്‌സിറ്റിയിലേക്കു വരാന്‍ സന്നദ്ധനായത്. അതും മെയിന്‍ഗേറ്റ് വരെ മാത്രം എന്ന നിബന്ധനയോടെ.
പക്ഷേ, കാംപസിനകത്ത് കാലുകുത്തിക്കഴിഞ്ഞാല്‍ ഒരു ആനന്ദം അനുഭവിച്ചറിയാനാവും. അതുപോലെ ഒരു സുരക്ഷിതബോധവും. അത് വിദ്യാര്‍ഥികള്‍ക്കും അതിഥികള്‍ക്കും മാത്രമല്ല, 1,000 ഏക്കറില്‍ പരന്നുകിടക്കുന്ന, ഭൂരിഭാഗവും ഇപ്പോഴും കാടായിക്കിടക്കുന്ന കാംപസിലെ സസ്യങ്ങള്‍ക്കുമുണ്ട്. കാംപസില്‍ വിഹരിക്കുന്ന ആയിരക്കണക്കിന് ശ്വാനന്മാര്‍പോലും പ്രസ്തുത സ്വാതന്ത്ര്യം നുകരുന്നുണ്ട്.
1966ല്‍ ലോക്‌സഭാ സ്‌പെഷ്യല്‍ ആക്റ്റിലൂടെ നിലവില്‍ വന്ന ജെഎന്‍യു ഇന്ത്യയുടെ വിദൂരഗ്രാമങ്ങളില്‍നിന്നുള്ള, പിന്നാക്കപ്രദേശങ്ങളില്‍നിന്നുള്ള, ഉന്നത വിദ്യാഭ്യാസം അപ്രാപ്യമായ പിന്നാക്ക-ദലിത്-ഒബിസി വിഭാഗങ്ങളുടെ പ്രത്യാശയായി മാറാന്‍ കാരണങ്ങള്‍ പലതുണ്ട്. സ്റ്റൈപ്പന്റ് കൊടുക്കുന്നതില്‍ വിവേചനം കുറവ്, വിവേചനങ്ങള്‍ക്കെതിരേ ചെറുത്തുനില്‍പ്, അധ്യാപകരുടെ പിന്തുണ, വിദേശഭാഷാ പഠന ഗവേഷണ വകുപ്പുകളുടെ ആവിര്‍ഭാവം അങ്ങനെ പല അനുകൂല ഘടകങ്ങളുംമൂലം ഇവിടം ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ അഭയകേന്ദ്രമായി മാറുകയായിരുന്നു. അതിനാല്‍ തന്നെ സാമൂഹികമായി പിന്തള്ളപ്പെട്ട അടിയാള-പിന്നാക്ക സമൂഹങ്ങള്‍ ജെഎന്‍യുവിനെ പ്രത്യാശയുടെ തുരുത്തായി കാണുന്നു.
സാധാരണ മനുഷ്യരുടെ ലഘുഭക്ഷണമാണ് ഹോസ്റ്റലുകളിലും കാന്റീനുകളിലും ലഭ്യം എന്നതിനാല്‍ മിശ്രഭോജനം ഇഷ്ടപ്പെടാത്ത, കൂടുതല്‍ സുഖസൗകര്യങ്ങള്‍ തേടുന്ന സവര്‍ണ രാജകുമാരന്മാരും മുന്നാക്ക സമ്പന്നവിഭാഗങ്ങളും ജെഎന്‍യുവിനെ തഴയാറാണു പതിവ്. അതിനാല്‍ തന്നെ എബിവിപിക്ക് ഇവിടെ വേരോട്ടമുണ്ടാക്കാന്‍ എളുപ്പമല്ല. വെള്ളം കുടിക്കാന്‍ ഗ്ലാസുകളില്ലാത്ത, ഒരേ ജഗ്ഗില്‍നിന്ന് എല്ലാവരും കുടിക്കുന്ന ജെഎന്‍യുവില്‍ അവര്‍ പൊതുവെ തല്‍പരരല്ല. ഇടതു വിദ്യാര്‍ഥിസംഘടനകളുടെ കൂടെ സിപിഐ (എംഎല്‍) പോലുള്ള കുറേക്കൂടി തീവ്ര ഇടതുവിഭാഗങ്ങളുടെ ഐസ പോലുള്ള വിദ്യാര്‍ഥിസംഘടനകളും ഇവിടെ സുശക്തമാവാന്‍ ഇതു കാരണമായി. സമീപകാലത്തായി അംബേദ്കറിസവും ബ്രാഹ്മണ വിരോധവും കാംപസുകളില്‍ ഇടതിന്റെ ഇടം കവര്‍ന്നെടുക്കുകയായിരുന്നു.
ജെഎന്‍യുവിലെ 7,677 വിദ്യാര്‍ഥികളില്‍ ദലിതുകള്‍ 3648ഉം ഒബിസിക്കാര്‍ 1948ഉം ആണ്. പകുതിയിലേറെ വിദ്യാര്‍ഥികള്‍ പിന്നാക്ക-ദലിതുകള്‍ ആയതോടെ കുറച്ചു വര്‍ഷങ്ങളായി യൂനിയന്‍ പ്രസിഡന്റുമാര്‍ ഈ വിഭാഗക്കാരാണ്. 2012ല്‍ തമിഴ്‌നാട് ഒബിസിക്കാരന്‍ വി ലെനില്‍ കുമാര്‍ (എസ്എഫ്‌ഐ/ഡിഎസ്എഫ്), 2013ല്‍ അക്ബര്‍ ചൗധരി (ഐസ), 2014ല്‍ ബിഹാര്‍ യാദവന്‍ അശുതോഷ് കുമാര്‍(ഐസ) എന്നിവരാണ് ചെയര്‍മാന്‍സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാംപസില്‍ വിസി ഇരിക്കുന്ന അഡ്മിന്‍ ബ്ലോക്കിന്റെ വിശാല പടവുകളിലും മുമ്പിലെ ഗ്രൗണ്ടിലും നെഹ്‌റു പ്രതിമയെ സാക്ഷിനിര്‍ത്തി ജനാധിപത്യത്തിനായുള്ള ചെറുത്തുനില്‍പ് സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ വ്യത്യാസമില്ലാതെ പ്രകടിപ്പിക്കുന്ന പോരാട്ടവീര്യം വരുംകാല ഇന്ത്യയുടെ പ്രതീക്ഷയാണെന്നതില്‍ സംശയമില്ല.
യൂനിയന്‍ വൈസ് പ്രസിഡന്റായ ഷഹ്‌ലാ റഷീദ് ഷോറ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന വാക്കുകളോടെ പറഞ്ഞത് ഇതിനു തെളിവാണ്. ഇതൊരു താല്‍ക്കാലിക സമരമല്ലെന്ന് ഈ പോരാളി പെണ്‍കുട്ടി പറയുന്നു. ഇത് ഇന്ത്യയെ മാറ്റിമറിക്കാനുള്ള പടപ്പുറപ്പാടാണ്. ഐസ നേതാവായ ഷഹ്‌ല വിദേശ യൂനിവേഴ്‌സിറ്റിയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷമാണ് ജെഎന്‍യുവില്‍ സാമൂഹിക-രാഷ്ട്രീയ ബിരുദാനന്തര പഠനത്തിനു വന്നത്. മുന്‍ പ്രസിഡന്റ് ലെനിന്‍കുമാര്‍, ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി രാമനാഗ, സമരനേതാക്കളിലൊരാളായ ഉബൈദു റഹ്മാന്‍ തുടങ്ങി പലരുമായി സംസാരിച്ചപ്പോഴും ആര്‍എസ്എസിനെ കൃത്യമായി തിരിച്ചറിഞ്ഞ വിദ്യാര്‍ഥിസമൂഹമാണ് ജെഎന്‍യുവിലിരുന്ന് നരേന്ദ്രമോദിയെയും രാജ്‌നാഥ്‌സിങിനെയും സ്മൃതി ഇറാനിയെയും വെല്ലുവിളിക്കുന്നതെന്നു വ്യക്തമാവുന്നു. മനുവാദം, ജാതീയത തുടങ്ങിയവയുടെ പീഡനങ്ങള്‍ പേറുന്ന ഈ വിദ്യാര്‍ഥിസമൂഹത്തിന്റെ സെമിനാറുകളും സംവാദങ്ങളും സംഘപരിവാരത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും തിരിച്ചറിയാന്‍ ഇവരെ പ്രാപ്തരാക്കുകയായിരുന്നു. ഒരു ഇടതു ബഹുജന്‍ പ്രത്യയശാസ്ത്രം രൂപപ്പെട്ടുവന്നപ്പോള്‍ ഫുലേയും അംബേദ്കറും പെരിയോരും ശ്രീനാരായണഗുരുവും അവരുടെ ഹീറോകളായിമാറി. ഹിന്ദുത്വം തോറ്റത് ഇവിടെയാണ്. ബീഫ് നിരോധനം, വര്‍ഗീയ-വംശീയ കലാപങ്ങളോടും കൂട്ടക്കൊലകളോടുമുള്ള പ്രതിഷേധങ്ങള്‍, അസഹിഷ്ണുതയ്‌ക്കെതിരായ വെല്ലുവിളി, തുറന്ന സംവാദങ്ങള്‍ എല്ലാം ഇവിടെ ഉയര്‍ന്നുവന്നു. അങ്ങനെയാണ് മഹിഷാസുരന്‍ പോലും ഒരു പ്രതീകമായി മാറുന്നത്. ജാര്‍ഖണ്ഡില്‍നിന്നുള്ള അസുരവിഭാഗവും ബില്‍മാരും ഗോണ്ടുകളും തങ്ങളുടെ ഗ്രാമത്തിലെ ഉല്‍സവങ്ങള്‍ ഇവിടെയും കൊണ്ടാടി. ആക്രമണോല്‍സുക ഹിന്ദുത്വത്തിന് ജെഎന്‍യുവില്‍നിന്നും മറ്റു ചില സര്‍വകലാശാലകളില്‍നിന്നും ഉയരുന്ന വെല്ലുവിളി അധികാരിവര്‍ഗത്തെ ആശങ്കയിലാഴ്ത്തുന്നു. നേരിടാന്‍ ലഭിച്ച നിര്‍ദേശങ്ങളുടെയും പിന്തുണയുടെയും ഫലമായിരുന്നു ഫെബ്രുവരി ഒമ്പതിനു ഒരു ചെറിയ ചടങ്ങിലേക്ക് മുഖം മറച്ച് നുഴഞ്ഞുകയറി എബിവിപിക്കാര്‍ പാകിസ്താന്‍ സിന്ദാബാദ് വിളിച്ചത്. ഈ ക്ലിപിങ് വച്ച് സ്മൃതി ഇറാനിയുടെ അടുത്ത വ്യക്തിയായ ശില്‍പി തിവാരിയാണ് കനയ്യ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ഉണ്ടാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇത് സിടിവി സംപ്രേഷണം ചെയ്തതിനെ അവലംബമാക്കിയാണ് ഡല്‍ഹി പോലിസ് കനയ്യകുമാറിനെതിരേ കേസെടുത്തത്.
ഇപ്പോള്‍ റെഡ് ജിഹാദ് എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദലിത്-മുസ്‌ലിം ഐക്യത്തെ സംഘപരിവാരം എത്രമേല്‍ ഭയപ്പെടുന്നുണ്ടെന്ന് ഇതില്‍നിന്നു വ്യക്തമാണ്. ജെഎന്‍യുവിലെ ഓള്‍ ഇന്ത്യാ ബാക്ക്‌വേര്‍ഡ് സ്റ്റുഡന്റ്‌സ് ഫോറം (എഐബിഎസ്എഫ്) മറ്റൊരു കരുത്തുറ്റ മുന്നേറ്റമാണ്. മുസ്‌ലിം വിദ്യാര്‍ഥികള്‍ ഇത്തരം സംഘങ്ങളുമായി സഹകരിച്ചുനീങ്ങുന്നതാണ് പിന്നാക്ക ഐക്യത്തിന്റെ ബലം. ഉമര്‍ ഖാലിദും ഷഹ്‌ലാ റഷീദും ഉള്‍പ്പെടെ ആ ഗണത്തില്‍ അനവധിപേരുണ്ട്.
ആര്‍എസ്എസിനെതിരേ സൃഷ്ടിപരമായ നേര്‍ക്കുനേര്‍ പോരാട്ടമാണ് ജെഎന്‍യുവില്‍ കണ്ടത്. അവര്‍ ക്ലാസ് ബഹിഷ്‌കരിക്കുന്നില്ല; വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെ തുറന്ന അങ്കണത്തില്‍ പ്രഗല്ഭവ്യക്തികള്‍ ദേശീയത പഠിപ്പിക്കുന്നു. 'ഇന്ത്യ റസിസ്റ്റ്' (ഇന്ത്യ ചെറുത്തുനില്‍ക്കുന്നു) എന്ന ജനാധിപത്യപ്രക്ഷോഭം രാജ്യമാകെ അലയടിക്കുമ്പോഴും ജെഎന്‍യുവിലെ ഒരു പുല്‍ക്കൊടിപോലും പറിച്ചുകളഞ്ഞില്ല. ഒരു പൂച്ചട്ടിപോലും പൊട്ടിയില്ല. യാതൊരു പരാക്രമങ്ങളുമില്ലാതെ സമരം നടന്നപ്പോള്‍ കുഴപ്പങ്ങള്‍ ആഗ്രഹിച്ച സംഘപരിവാരം തോറ്റെന്ന് ചരിത്രം വിധിയെഴുതുന്നു. ഇത് ഒരു സന്ദേശമാണ്. അക്രമാസക്ത ഹിന്ദുത്വശക്തികള്‍ക്കുള്ള ബാബാസാഹിബ് അംബേദ്കറുടെയും മഹാത്മാ ഫുലേയുടെയും സന്ദേശം; വിദ്യാസമ്പന്നരായ ദലിത്-പിന്നാക്ക വിഭാഗം ഫാഷിസത്തെ എങ്ങനെ സധൈര്യം ചെറുത്തുതോല്‍പിക്കുമെന്നതിന്റെ സന്ദേശം.
Next Story

RELATED STORIES

Share it