ജെഎന്‍യു ആര്‍എസ്എസ് കാര്യാലയമാക്കാന്‍ ശ്രമം: വിഎസ്

തിരുവനന്തപുരം: രാജ്യാന്തര പ്രശസ്തമായ ജെഎന്‍യുവിനെ ആര്‍എസ്എസ്സിന്റെ കാര്യാലയമാക്കാനാണു സംഘപരിവാരം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
ഇതിനെതിരേ രാജ്യമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ ചെറുത്തുനില്‍പ്പും പ്രതിഷേധവും ഉയര്‍ത്തിക്കൊണ്ടുവരണം. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത തരത്തിലാണ് സംഘപരിവാരം ആക്രമണങ്ങള്‍ നടത്തുന്നത്. സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയ്‌ക്കെതിരേ ഉയരുന്ന ജനാധിപത്യ ശബ്ദങ്ങളെ മുഴുവന്‍ അടിച്ചമര്‍ത്താനും ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമമാണിത്. ആടിനെ പട്ടിയാക്കുകയും പിന്നെ അതിനെ പേപ്പട്ടി എന്നുവിളിച്ചു തല്ലിക്കൊല്ലുകയും ചെയ്യുന്ന തന്ത്രമാണ് സംഘപരിവാരം ഡല്‍ഹിയില്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലാക്കിയത് ഇതിന്റെ തെളിവാണ്. കനയ്യകുമാറിന് എതിരായ ആരോപണം എബിവിപിക്കാര്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ഇതിനകം വെളിവാക്കപ്പെട്ടു കഴിഞ്ഞു.
സംഘപരിവാരത്തിന്റെ അസഹിഷ്ണുതയുടെയും ഫാഷിസ്റ്റ് സമീപനത്തിന്റെയും തേര്‍വാഴ്ചയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കണ്ടത്. സാമൂഹിക ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും കാവിവല്‍ക്കരിക്കാനും ജനാധിപത്യപ്രവര്‍ത്തനങ്ങള്‍തന്നെ ഇല്ലാതാക്കാനുമുള്ള സംഘപരിവാര ആക്രമണോല്‍സുകതയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇത് രാജ്യത്തിനാകെ അപമാനകരവും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ യശസ്സ് ഇല്ലായ്മ ചെയ്യുന്നതുമാണ്. രാജ്യത്തെ മുഴുവന്‍ ജനാധിപത്യ പുരോഗമന ശക്തികളും ഇതിനെതിരേ ചെറുത്തുനില്‍പ്പിന്റെയും പ്രതിഷേധത്തിന്റെയും കോട്ടകള്‍ സൃഷ്ടിക്കണം- വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it