ജി കെ പിള്ളയെ അവഗണിക്കുന്നു

മലയാള ചലച്ചിത്രരംഗത്ത് വില്ലന്‍വേഷങ്ങളില്‍ രൂപ-ഭാവ-ശബ്ദ ഗാംഭീര്യത്തോടെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന രണ്ടേരണ്ടു നടന്മാരായിരുന്നു കൊട്ടാരക്കര ശ്രീധരന്‍ നായരും ജി കെ പിള്ളയും. ഈ വര്‍ഷത്തെ ജെ സി ഡാനിയേല്‍ അവാര്‍ഡ് ഐ വി ശശിക്കാണു ലഭിച്ചത്. പ്രഗല്ഭ നടനായ മധുവിനായിരുന്നു മുമ്പ് ഇതു നല്‍കിയത്. പക്ഷേ, ജി കെ പിള്ള സിനിമയില്‍ കാലെടുത്തുകുത്തിയതിന്റെ പകുതി കാലയളവുപോലും സെല്ലുലോയ്ഡിലില്ലാത്ത ജയറാമിന് പത്മശ്രീയും സുരേഷ് ഗോപിക്ക് സത്യന്‍ അവാര്‍ഡും കിട്ടിക്കഴിഞ്ഞു. സത്യന്‍ അവാര്‍ഡ് സുരേഷ് ഗോപിക്ക് കൊടുക്കുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങില്‍ വച്ച് ജി കെ പിള്ളയെ ആദരിക്കാന്‍ വേണ്ടി അവാര്‍ഡ് കമ്മിറ്റിക്കാര്‍ അദ്ദേഹത്തെ ക്ഷണിക്കാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം അവരോടു പറഞ്ഞ മറുപടി കേട്ട് ഒരക്ഷരം മിണ്ടാതെ അവര്‍ ഇറങ്ങിപ്പോയത്രെ! സുരേഷ് ഗോപിക്ക് അവാര്‍ഡ്, എനിക്ക് ആദരം മാത്രം എന്നായിരുന്നു പിള്ളയുടെ പ്രതികരണം.
ഒരു കോണ്‍ഗ്രസ്സുകാരന്‍കൂടിയായ അദ്ദേഹത്തിന് 13 വര്‍ഷം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിട്ടും പെന്‍ഷന്‍ അനുവദിച്ചുകിട്ടിയിട്ടില്ല. മലയാളിയായ പട്ടാളമന്ത്രി എ കെ ആന്റണി അധികാരത്തിലിരുന്നപ്പോള്‍ നേരില്‍ക്കണ്ട് അപേക്ഷിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല. രണ്ടുവര്‍ഷം ജോലിചെയ്ത മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിനു പോലും പെന്‍ഷന്‍ കിട്ടുമ്പോള്‍, 13 വര്‍ഷം രാജ്യത്തെ സേവിച്ച ഒരു പട്ടാളക്കാരനു മാത്രം അതു ലഭ്യമല്ലെന്നുള്ളത് വളരെ പരിഹാസ്യമായി തോന്നുന്നു. ഒരിക്കല്‍ ദേവസ്വം ബോര്‍ഡ ് മെംബറാക്കാമെന്നു വാക്കുകൊടുത്തെങ്കിലും കൊടുത്തില്ല. പിള്ള തന്നെ മുന്‍കൈയെടുത്തു രൂപീകരിച്ച എക്‌സ്‌സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ കോര്‍പറേഷനില്‍ മെംബറാക്കാമെന്നു പറഞ്ഞെങ്കിലും ആശമാത്രം ബാക്കി. അതിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചതോ മൂന്നുവര്‍ഷം മാത്രം പട്ടാളത്തിലുണ്ടായിരുന്ന ആളെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നു പറഞ്ഞെങ്കിലും കൊടുത്തത് നടന്‍ സുകുമാരന്.
കേരള സര്‍ക്കാര്‍ ഇനിയെങ്കിലും ഈ മഹാനടനെ അപമാനിക്കുന്നത് അവസാനിപ്പിക്കുകയും ഫാല്‍ക്കെ അവാര്‍ഡിനുപോലും അര്‍ഹനായ ഇദ്ദേഹത്തിന് ജെ സി ഡാനിയേല്‍ പുരസ്‌കാരമെങ്കിലും നല്‍കി ആദരിക്കണമെന്നും അപേക്ഷിക്കുന്നു.

കരീംലാല
കൈപ്പമംഗലം
Next Story

RELATED STORIES

Share it