ജിഷ വധം: പോലിസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റി ഉത്തരവിന് സ്‌റ്റേ

കൊച്ചി: ജിഷ വധക്കേസിന്റെ അന്വേഷണം ശരിയായ രീതി യിലല്ലെന്ന പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന പോലിസ് കംപ്ലയ്ന്റ്‌സ് അതോറിറ്റിയുടെ ഉത്തരവ് ഹൈക്കോടതി 10 ദിവസത്തേക്ക് സ്റ്റേ ചെയ്തു. പോലിസ് കംപ്ലയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് നിര്‍ദേശിച്ചതിനെതിരേ കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പിബി സുരേഷ്‌കുമാറിന്റെ ഉത്തരവ്.
എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും പോലിസ് കംപ്ലയ്ന്റ്‌സ് അതോറിറ്റിക്കും നോട്ടിസയക്കാനും കോടതി നിര്‍ദേശം നല്‍കി. ഹരജി വീണ്ടും നാളെ പരിഗണിക്കും. ജിഷ വധക്കേസില്‍ അന്വേഷണം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ശരിയായ ദിശയില്‍ നടന്നുവരുകയാണെന്നും ഈ സാഹചര്യത്തില്‍ പോലിസ് കംപ്ലയ്ന്റ്‌സ് അതോറിറ്റിക്ക് മുമ്പാകെ ഹാജരാവണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കൊച്ചി റേഞ്ച് ഐജി ഹൈക്കോടതിയെ സമീപിച്ചത്.
റേഞ്ച് ഐജിയായ താനും മറ്റു പോലിസ് ഉദ്യോഗസ്ഥരും മെയ് 25ന് നേരിട്ട് ഹാജരായി സ്‌റ്റേറ്റ്‌മെന്റ് എഴുതി നല്‍കാന്‍ പോലിസ് കംപ്ലയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇത്തരമൊരു ഉത്തരവു നല്‍കാന്‍ അതോറിറ്റിക്ക് അധികാരമില്ലെന്നും പോലിസ് അന്വേഷണത്തിനെതിരായ പരാതി തള്ളണമെന്നും വ്യക്തമാക്കി റിപോര്‍ട്ട് നല്‍കി. ഇതു തള്ളിക്കളഞ്ഞ പോലിസ് കംപ്ലയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജൂണ്‍ രണ്ടിന് ഹാജരാവാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇത്തരമൊരു അധികാരം പോലിസ് കംപ്ലയ്ന്റ്‌സ് അതോറിറ്റിക്ക് ഇല്ലെന്നിരിക്കെ അനാവശ്യമായ ഈ നിര്‍ദേശം തടയണമെന്നാണ് മഹിപാല്‍ യാദവ് ഹരജിയില്‍ പറയുന്നത്.
Next Story

RELATED STORIES

Share it