ജിഷയുടെ കൊലപാതകം: എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

പെരുമ്പാവൂര്‍: ജിഷയുടെ ഘാതകരെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ പുതുതായി നിയോഗിച്ച എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് ആലുവ പോലിസ് ക്ലബ്ബിലെത്തിയ ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘം കേസിന്റെ തുടക്കം മുതല്‍ ഇതുവരെയുളള അന്വേഷണ പുരോഗതി വിലയിരുത്തുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് പുറത്തിറങ്ങിയ എഡിജിപി ബി സന്ധ്യ ജിഷ വധക്കേസിലെ പ്രതികളെ കണ്ടെത്തുന്നതുവരെ ജനങ്ങള്‍ ക്ഷമ പാലിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്നും പുതിയ അന്വേഷണ സംഘത്തിന്റെ പരിശോധനകള്‍ ആദ്യഘട്ടം മുതല്‍ ആരംഭിക്കണമെന്നും ബി സന്ധ്യ പറഞ്ഞു. കൊലയാളിയെ പിടികൂടാമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതിനായി ശ്രമങ്ങള്‍ തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.
ആദ്യ അന്വേഷണ സംഘം കണ്ടെത്തിയ വസ്തുതകളെല്ലാം വിശദമായി പരിശോധിച്ചതായി അവര്‍ പറഞ്ഞു. തുടര്‍ന്ന് പെരുമ്പാവൂരിലെത്തിയ ബി സന്ധ്യയും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ മാതാവിനെയും സഹോദരിയേയും സന്ദര്‍ശിച്ചു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന്, കൊലപാതകം നടന്ന കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിലെത്തി രണ്ടു മണിക്കൂറോളം പരിശോധന നടത്തി. സമീപത്തെ വീടുകളിലെത്തി അയല്‍വാസികളുമായി സംസാരിക്കുകയും ചെയ്തു.
പുതിയ അന്വേഷണസംഘം എത്തുന്നതറിഞ്ഞ് വന്‍ ജനാവലി തന്നെ ഇവിടെ തടിച്ചു കൂടിയിരുന്നു. സംഘത്തില്‍ ആലുവയിലെ പുതിയ റൂറല്‍ എസ്പി ഉണ്ണിരാജ, പി കെ മധു, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരായ സോജന്‍, കെ എസ് സുധര്‍ശന്‍, ശശിധരന്‍, ഇന്‍സ്‌പെക്ടര്‍മാരായ ബൈജു പൗലോസ്, ഷംസു എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it