Pathanamthitta local

ജില്ലാ മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ പ്രവര്‍ത്തനം വിവാദമാവുന്നു

പത്തനംതിട്ട: വ്യാജ പ്രസ്താവനകളും രേഖകളും ഹാജരാക്കുന്നവര്‍ക്ക് സ്ഥല പരിശോധന നടത്താതെ തന്നെ ഖനനത്തിന് അനുമതി നല്‍കുന്ന ജില്ലാ മൈനിങ് ആന്റ് ജിയോളജി (ഖനന ഭൂവിജ്ഞാനീയ വകുപ്പ്)വകുപ്പിന്റെ പ്രവര്‍ത്തനം വിവാദമാവുന്നു. യാതൊരു പരിശോധനയും നടത്താതെയാണ് ജിയോളജി വകുപ്പ് ഒരു വര്‍ഷത്തേക്ക് ക്വാറികള്‍ക്ക് പെര്‍മിറ്റ് നല്‍കാറുള്ളതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
ജില്ലയിലെ വന്‍കിട ക്വാറി പ്രവര്‍ത്തിക്കുന്നതിന് പല രേഖകളും ജിയോളജി വകുപ്പിന് മുന്നില്‍ ഹാജരാക്കാറുമില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വി-കോട്ടയം അമ്പാടി ഗ്രാനൈറ്റസുമായി ബന്ധപ്പെട്ട തെളിവെടുപ്പില്‍ നിന്നു വ്യക്തമാവുന്നു.
ഇവിടെ ഏകദേശം 30 മീറ്ററോളം ആഴത്തില്‍ പാറഖനനം നടത്തിയതുവഴി 13 കോടിയോളം രൂപയുടെ അനധികൃത ഖനനം നടത്തിയിട്ടുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. ക്വാറി ഉടമ വ്യാജ പ്രസ്താവനകള്‍ നടത്തി നാട്ടുകാരെയും രേഖകള്‍ ചമച്ച് അധികൃതരെയും കബളിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഇതിനെ തുടര്‍ന്ന് വി-കോട്ടയം അമ്പാടി ഗ്രാനൈറ്റ്‌സിന് 4.57 കോടി രൂപ സര്‍ക്കാര്‍ പിഴയിട്ടു.
സര്‍ക്കാര്‍ പിഴ ചുമതത്തി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ പ്രദേശവുമായി ബന്ധപ്പെടുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ 25 ലക്ഷം രൂപ വാങ്ങിയതില്‍ 20 ലക്ഷം രൂപ തിരികെ നല്‍കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് അനധികൃത ഖനനത്തിന് പിന്നില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തുന്നതാണ്.
ജില്ലയില്‍ വടശേരിക്കര, കലഞ്ഞൂര്‍, ചിറ്റാര്‍, കടമ്പനാട് എന്നീ പ്രദേശങ്ങളില്‍ ക്വാറികള്‍ക്കെതിരേ ഉയരുന്ന ജനകീയ പ്രതിഷേധത്തിന് നിയമവിരുദ്ധമായി പെര്‍മിറ്റുകള്‍ നല്‍കി സംരക്ഷിക്കുന്നതിന് പിന്നിലും ജിയോളജി വകുപ്പിന് പങ്കുണ്ടെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
പ്രവര്‍ത്തനാനുമതി നിഷേധിച്ച ക്വാറികള്‍ക്ക് പോലും കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ കടത്തി കൊണ്ടുപോവുന്നതിന് പ്രതിവര്‍ഷം 12,000 പാസുകള്‍ വരെ ഇവിടെ നിന്നു നല്‍കുന്നതായും വിവരാവാകശ പ്രകാരം എടുത്തിട്ടുള്ള ചില രേഖകളില്‍ നിന്നും വ്യക്തമാവുന്നു. ക്വാറികള്‍ക്കെതിരേ ഹൈക്കോടതിയിലും മറ്റും പ്രദേശവാസികള്‍ നല്‍കിയിട്ടുള്ള കേസുകളില്‍ ജിയോളജി വകുപ്പിന്റെ നിലപാടും ഇതിനോടകം സംശയത്തിന് കാരണമായിട്ടുണ്ട്.
പാരിസ്ഥിതിക അനുമതിയില്ലാത്തതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ജില്ലയിലെ ഒരു ക്വാറി തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വാദം നടക്കാനിരിക്കെ ജില്ലാ മൈനിങ് ആന്റ് ജിയോളജി വകുപ്പ് എന്തു നിലപാട് സ്വീകരിക്കുമെന്നറിയാല്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചിട്ട ക്വാറി ഹൈക്കോടതിയില്‍ നിന്നു താല്‍ക്കാലിക ഉത്തരവ് വാങ്ങിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it