ജിഎച്ച്എംസി വോട്ടെടുപ്പില്‍ വാഗ്ദാനങ്ങള്‍ തുണയായി ടിആര്‍എസിന് വന്‍ ഭൂരിപക്ഷം

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനി (ജിഎച്ച്എംസി)ലേക്കു നടന്ന വോട്ടെടുപ്പില്‍ ടിആര്‍എസിന് (തെലങ്കാന രാഷ്ട്രസമിതി) വന്‍വിജയം. പാവങ്ങള്‍ക്കു രണ്ടു മുറികളുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന വാഗ്ദാനവും മറ്റു പാര്‍ട്ടികളിലെ ജനപിന്തുണയുള്ള നേതാക്കളെ സ്വാധീനിച്ചതുമാണ് വിജയം നേടാന്‍ സഹായിച്ചത്. സീമാന്ധ്രക്കാര്‍ക്കു ടിക്കറ്റ് നല്‍കിയതും വിജയത്തിനു മാറ്റുകൂട്ടി.
ആകെയുള്ള 150 വാര്‍ഡുകളില്‍ 99 എണ്ണം ടിആര്‍എസ് നേടി. കോണ്‍ഗ്രസ്സിന് രണ്ടും ടിഡിപി-ബിജെപി സഖ്യത്തിന് അഞ്ചും സീറ്റുകള്‍ മാത്രമാണു ലഭിച്ചത്. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എംഐഎം 44 സീറ്റുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തി.
2009ലെ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് മല്‍സരിച്ചിരുന്നില്ല. കോര്‍പറേഷന്‍ പിടിക്കണമെന്ന ലക്ഷ്യത്തോടെ ടിആര്‍എസ് വളരെ നേരത്തേ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. നാലു ടിഡിപി എംഎല്‍എമാര്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ ടിആര്‍എസില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് ഊര്‍ജം പകര്‍ന്നു. മറ്റു പ്രതിപക്ഷ കക്ഷികളിലെ നേതാക്കളും ടിആര്‍എസില്‍ ചേര്‍ന്നിരുന്നു.
പാവങ്ങള്‍ക്കു വീട് എന്ന വാഗ്ദാനം പാര്‍ട്ടിയെ വന്‍തോതില്‍ സഹായിച്ചു. ഫെബ്രുവരി രണ്ടിനു നടന്ന തിരഞ്ഞെടുപ്പില്‍ 45 ശതമാനത്തിലേറെയായിരുന്നു പോളിങ്. നഗരത്തില്‍ വരുംമാസങ്ങളില്‍ ലക്ഷം രണ്ടുമുറി വീടുകള്‍ പണിയുമെന്ന് ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞിരുന്നു. നഗരത്തില്‍ മുംബൈ മാതൃകയില്‍ മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സീമാന്ധ്രക്കാരെ ടിആര്‍എസിന് എതിരാക്കാനുള്ള പ്രതിപക്ഷ നീക്കം അമ്പേ പരാജയപ്പെട്ടു. ടിആര്‍എസ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത് ചന്ദ്രശേഖര്‍ റാവുവിന്റെ മകന്‍ കെ ടി രാമറാവുവായിരുന്നു. പ്രചാരണത്തിന് കേന്ദ്രമന്ത്രിമാരെത്തിയിട്ടും വിജയം ബിജെപിയെ തുണച്ചില്ല. ടിഡിപിയിലെ പ്രശ്‌നങ്ങള്‍ ആ പാര്‍ട്ടിക്കും വിനയായി. കോണ്‍ഗ്രസ്സിന്റെ ഗ്രേറ്റര്‍ ഹൈദരാബാദ് പ്രസിഡന്റും മുന്‍മന്ത്രിയുമായ ഡി നാഗേന്ദര്‍ തിരഞ്ഞെടുപ്പില്‍ താല്‍പര്യം കാണിക്കാതിരുന്നത് കോണ്‍ഗ്രസ്സിനും വിനയായി.
Next Story

RELATED STORIES

Share it