ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തൊടുപുഴ: കരിമണ്ണൂര്‍ സ്വദേശിനിയുടെ ഒന്നരക്കോടി രൂപ തട്ടിയെന്ന കേസില്‍ റിപോര്‍ട്ടര്‍ ചാനല്‍ മേധാവി എം വി നികേഷ്‌കുമാറും ഭാര്യ റാണി വര്‍ഗീസും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി വിധി പറയും. കെപിസിസി നിര്‍വാഹക സമിതി അംഗം സി പി മാത്യുവിന്റെ ഭാര്യ കരിമണ്ണൂര്‍ കോയിത്താനത്ത് ലാലി ജോസഫാണ് പരാതിക്കാരി. നികേഷ്‌കുമാറിന് വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി പി ഉദയഭാനുവും വാദിക്കുവേണ്ടി അഡ്വ. ഈശ്വറുമാണ് കോടതിയില്‍ ഹാജരാവുന്നത്. ലാലി ജോസഫ് ജില്ലാ പോലിസ് മേധാവി കെ വി ജോസഫിന്  നല്‍കിയ പരാതിയില്‍ തൊടുപുഴ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫ് നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2010 ആഗസത് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ തുടങ്ങാനെന്ന പേരില്‍ പരാതിക്കാരിയില്‍ നിന്നും ഒന്നരക്കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. തുടങ്ങാന്‍ പോവുന്ന ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡംഗം ആക്കാമെന്നും ഭൂരിഭാഗം ഓഹരിയും നല്‍കാമെന്നും ഉറപ്പുനല്‍കി. തൊടുപുഴയിലെ ഒരു സ്വകാര്യ ബാങ്കുവഴിയാണ് പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നു. ലാലി ജോസഫ് തിരുവനന്തപുരത്താണ് ഇപ്പോള്‍ താമസം. തൊടുപുഴ ഡിവൈഎസ്പിയുടെ പ്രാഥമിക അന്വേഷണത്തില്‍ തുക കൈമാറിയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തൊടുപുഴ എസ്‌ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. പണം നിക്ഷേപിച്ച തൊടുപുഴയിലെ സ്വകാര്യ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ പോലിസ് ശേഖരിച്ചിരുന്നു.
Next Story

RELATED STORIES

Share it