ജലനിരപ്പ് 140.6 അടി പിന്നിട്ടു; ഉപസമിതി പരിശോധന ഇന്നു മുതല്‍

കുമളി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141 അടിയിലെത്തുന്നതിനു മുമ്പ് ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തണമെന്ന് മേല്‍നോട്ട സമിതി ചെയര്‍മാന്‍ നിര്‍ദേശിച്ചു. ജലനിരപ്പ് 140.6 അടി പിന്നിട്ടതിനെ തുടര്‍ന്നാണിത്. നിര്‍ദേശപ്രകാരം ഉപസമിതി ഇന്നും നാളെയും അണക്കെട്ടില്‍ നിരീക്ഷണം നടത്തും. ഈ ദിവസങ്ങളില്‍ ഇന്‍സ്‌പെക്ഷന്‍ ഗാലറിയില്‍ നിന്നു പുറത്തേക്കൊഴുകുന്ന സ്വീവേജ് ജലത്തിന്റെ അളവ് ശേഖരിക്കും. ജലനിരപ്പ് ഉയരുമ്പോഴുണ്ടാകുന്ന ചോര്‍ച്ചകളും സമിതി നിരീക്ഷിക്കും.
മുല്ലപ്പെരിയാര്‍ മേഖലയില്‍ കനത്ത മഴയില്ലെങ്കിലും വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമാണ്. തമിഴ്‌നാടിന്റെ അതിര്‍ത്തിമേഖലയില്‍ മഴ പെയ്യുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
സെക്കന്റില്‍ 2083 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. നീരൊഴുക്ക് ഇതേ നിലയില്‍ തുടര്‍ന്നാല്‍ തിങ്കളാഴ്ചയോടെ 142 അടിയിലെത്തുമെന്നാണ് തമിഴ്‌നാടിന്റെ കണക്കുകൂട്ടല്‍. ഇതോടെ മുല്ലപ്പെരിയാറില്‍ നിന്നു കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകും.
Next Story

RELATED STORIES

Share it