ജനവിധി നല്‍കുന്ന സൂചനകള്‍

എന്‍ പി ചെക്കുട്ടി

അടിയന്തരാവസ്ഥാ കാലത്തിനു ശേഷം കേരള രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിവന്നത് ഇടതും വലതുമായി വിഭജിച്ചുനിന്ന രണ്ടു രാഷ്ട്രീയ മുന്നണികളാണ്. രാഷ്ട്രീയ മണ്ഡലത്തെ പൊതുവില്‍ മതേതരമായ ഒരു അടിത്തറയില്‍ നിലനിര്‍ത്തി കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ സമാധാനപരമായ അടിത്തറയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഈ സംവിധാനം വിജയിക്കുകയുണ്ടായി. വര്‍ഗീയ രാഷ്ട്രീയം പൊതുവില്‍ കേരളത്തില്‍ അദൃശ്യമായിട്ടാണ് ഇത്രയും കാലം നിലനിന്നത്.
ഇത്തവണ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ബിജെപി കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ കേരള രാഷ്ട്രീയത്തിലെ പുതിയൊരു ഭാവപ്പകര്‍ച്ചയുടെ ലക്ഷണമായിത്തന്നെ കാണണം. കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ നഗരസഭകളില്‍ വളരെ ശക്തമായ മുന്നേറ്റമാണ് അവര്‍ കാഴ്ചവച്ചിരിക്കുന്നത്. മറ്റു പ്രദേശങ്ങളിലും ഈ പ്രവണത കാണാന്‍ കഴിയും.
സ്വാഭാവികമായും ഇത് കേരള രാഷ്ട്രീയത്തെ എങ്ങോട്ടാണ് നയിക്കുക എന്ന ചോദ്യം പ്രസക്തമാണ്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുകയും പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ അടക്കമുള്ളവര്‍ തിരഞ്ഞെടുപ്പു പ്രചാരണരംഗത്ത് സജീവമായ പങ്കാളിത്തം വഹിക്കുകയും ചെയ്ത ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീര്‍ച്ചയായും ഒരു ദിശാസൂചകമാണ്. കേരളത്തില്‍ ഇത്രയും കാലം അധികാരം കൈവശം സൂക്ഷിച്ചുവന്ന മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്ക് ശക്തമായ ഒരു താക്കീതും മുന്നറിയിപ്പുമാണ് തിരഞ്ഞെടുപ്പു ഫലങ്ങള്‍ എന്നു പറയാതെ നിര്‍വാഹമില്ല.
സിപിഎം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി തങ്ങളുടെ പരമ്പരാഗത എതിരാളികളായ യുഡിഎഫിനെ മിക്കവാറും എല്ലാ മേഖലകളിലും പിന്നിലാക്കിയ തിരഞ്ഞെടുപ്പ് കഴിഞ്ഞ നാലര വര്‍ഷത്തെ രാഷ്ട്രീയ ചിത്രത്തില്‍ നിന്നു തുലോം വ്യത്യസ്തമായ കാഴ്ചയാണ് നല്‍കുന്നത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭ വളരെ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ മുഴുക്കെ അവര്‍ വിജയം നേടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും താരതമ്യേന മെച്ചപ്പെട്ട പ്രകടനം തന്നെയാണ് യുഡിഎഫ് കാഴ്ചവച്ചത്. പക്ഷേ, ഇത്തവണ തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതായി അവര്‍ കണ്ടെത്തിയിരിക്കുന്നു.
അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം, കേരളത്തിലെ ചില സിപിഎം നേതാക്കള്‍ തന്നെ പ്രവചിച്ച പോലെ, യുഡിഎഫ് തങ്ങളുടെ രാഷ്ട്രീയമായ തകര്‍ച്ചയെ നേരിടുകയാണോ എന്നതാണ്. യുഡിഎഫ് വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുെണ്ടന്നത് പരമയാഥാര്‍ഥ്യമാണ്. അതില്‍ പ്രധാനം ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഏറ്റവും ഗൗരവതരമായ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞു ഫലപ്രദമായ നിലപാടുകള്‍ കൈക്കൊള്ളുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്ന വസ്തുതയാണ്. തീവ്രഹിന്ദുത്വ രാഷ്ട്രീയ നിലപാടുകള്‍ ആപല്‍ക്കരമായ മട്ടില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അത് എത്രമാത്രം ആഴത്തില്‍ കേരളീയ മനസ്സിനെ അലട്ടുകയും ഭീതിജനകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു എന്നു തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
തീവ്രഹിന്ദുത്വ വര്‍ഗീയത രാജ്യത്തിനകത്ത് ആപല്‍ക്കരമായി വളരുന്നുവെന്ന പ്രതീതി ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും പടരുകയാണ്. യഥാര്‍ഥത്തില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മൂഡീസ് പോലുള്ള സാമ്പത്തിക ഏജന്‍സികള്‍ പോലും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചു പഠനം നടത്തുകയും ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിനു മുന്നറിയിപ്പു നല്‍കുകയുമുണ്ടായി. ഇത്തരം പ്രവണതകളെ ചെറുക്കുകയെന്നത് സാമൂഹിക സമാധാനത്തിനും സാമ്പത്തിക വികസനത്തിനും അനിവാര്യമാണ് എന്നാണ് അവര്‍ വിലയിരുത്തിയത്.
ആ വിലയിരുത്തലിന്റെ പ്രസക്തി കേരളത്തില്‍ തിരിച്ചറിഞ്ഞത് പ്രധാനമായും ഇടതുപക്ഷ രാഷ്ട്രീയകക്ഷികളാണ്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഭീതി വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളില്‍ അധിഷ്ഠിതമാണെന്നും അതിനെതിരായി ശക്തവും പ്രചണ്ഡവുമായ പ്രചാരവേല നടത്തുന്നത് രാഷ്ട്രീയമായി പ്രയോജനപ്രദമാവുമെന്നും അവര്‍ കൃത്യമായി തിരിച്ചറിയുകയുണ്ടായി. ഇത് പലേടത്തും ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ട വിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിന് ഇടതുപക്ഷത്തെ സഹായിക്കുകയുണ്ടായി. കേരളത്തില്‍ ബിജെപി എസ്എന്‍ഡിപി യോഗം പോലുള്ള പിന്നാക്കസമുദായ സംഘടനകളോട് ചങ്ങാത്തം കൂടിയതിന്റെ ഫലമായി തങ്ങള്‍ക്കു നഷ്ടമായ പിന്തുണയെ മറികടക്കുന്ന വിധത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ അവര്‍ വിജയിക്കുകയുണ്ടായി എന്നുവേണം വിലയിരുത്താന്‍.
എന്തുകൊണ്ട് യുഡിഎഫ്-കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ പരമ്പരാഗത രാഷ്ട്രീയ അടിത്തറയായ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതില്‍ ഇത്തവണ പരാജയപ്പെട്ടുവെന്ന ചോദ്യം പ്രസക്തമാണ്. സിപിഎം നേതൃത്വം തുടക്കത്തില്‍ തന്നെ ഉന്നയിച്ചുവന്ന ആരോപണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംഘപരിവാരവുമായി രഹസ്യബാന്ധവത്തിലാണ് എന്നാണ്. കേരളത്തില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ക്കുന്നതിന് ബിജെപിയെ വളര്‍ത്തുന്ന ബോധപൂര്‍വമായ സമീപനമാണ് ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത് എന്ന ആരോപണമാണ് അവര്‍ ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടി സംഘപരിവാരത്തിനു നേരെ ശക്തമായ രാഷ്ട്രീയ പ്രതിരോധം ഉയര്‍ത്തിയില്ല എന്ന വസ്തുത അവരുടെ ആരോപണത്തിനു ശക്തി പകരുകയും ചെയ്തു.
സംഘപരിവാര രാഷ്ട്രീയത്തിന്റെ ജനവിരുദ്ധ നയങ്ങളെ ശക്തമായി തുറന്നുകാട്ടി അതിനെതിരേ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു എന്ന വിലയിരുത്തല്‍ ശരിയാണ്. എന്തുകൊണ്ട് മുന്നണിനേതൃത്വം തീവ്രഹിന്ദുത്വ രാഷ്ട്രീയഭീഷണിക്കെതിരേ ശക്തമായി പ്രതികരിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് അവര്‍ സത്യസന്ധമായി വിശദീകരിക്കേണ്ടിവരും. സിപിഎം ആരോപിച്ചതുപോലെ ഇടതുപക്ഷത്തെ തകര്‍ക്കാനായി ബിജെപിയെ പരോക്ഷമായി സഹായിക്കുക എന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചതെങ്കില്‍ അതിന്റെ നേട്ടം കൊയ്‌തെടുത്തത് സിപിഎമ്മും ബിജെപിയും മാത്രമാണ്.
തീര്‍ച്ചയായും ഇത്തരം പ്രതിസന്ധികള്‍ കേരളത്തിലെ വിവിധ മുഖ്യധാരാ കക്ഷികള്‍ നേരിട്ടിട്ടുള്ളതാണ്. ഇത്തവണയും രാഷ്ട്രീയമായ തിരിച്ചടികളെ നേരിടാനുള്ള കരുത്ത് യുഡിഎഫ് നേതൃത്വം പ്രകടിപ്പിക്കാനാണ് സാധ്യതയുള്ളത്. അതിന് അവര്‍ക്ക് ഏറ്റവും അനിവാര്യമായി വരുക രാജ്യത്തെ നേരിടുന്ന തീവ്രഹിന്ദുത്വ ഭീഷണിക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത ഒരു നിലപാട് സ്വീകരിക്കുന്ന സമീപനം സ്വീകരിക്കുകയെന്നതായിരിക്കും.
Next Story

RELATED STORIES

Share it